എന്തുകൊണ്ട് ചുറ്റിക തിരഞ്ഞെടുത്തു? ആറുപേർക്കു നേരേ ആക്രമണമുണ്ടായിട്ടും എന്തുകൊണ്ട് അവരുടെ നിലവിളിപോലും ആരും കേട്ടില്ല? ഒറ്റയടിക്കുതന്നെ ജീവനെടുക്കുകയെന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാൻ പ്രതിയെ പ്രേരിപ്പിച്ചത്. അപ്രതീക്ഷിത ആക്രമണത്തിൽ പ്രതികരിക്കാനാകാത്തത് നിലവിളിപോലും ഇല്ലാതാക്കി. ശാരീരികമായും മാനസികമായും തന്നെക്കാൾ ശക്തി കുറഞ്ഞവർക്കുനേരേ ഇത്തരമൊരു ആയുധമുപയോഗിക്കുമ്പോൾ അതിന്റെ ആഘാതം വലുതായിരിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്റർനെറ്റിൽ തിരഞ്ഞോ മറ്റോ കിട്ടിയ വിവരങ്ങളനുസരിച്ചാകാം അഫാൻ ചുറ്റിക ആയുധമായി തിരഞ്ഞെടുത്തതെന്നും സംശയിക്കുന്നു.
ചുറ്റികയുടെ ഭാരവും അതുപയോഗിക്കുന്ന വേഗവുമാണ് ആഘാതം നിർണയിക്കുന്നത്. പിടിയുടെ നീളവും ആഘാതം എങ്ങനെയായിരിക്കുമെന്നതിന്റെ ഘടകമാണ്. ചുറ്റിക പതിക്കുന്നിടത്തു മാത്രം ശക്തമായ ആഘാതമുണ്ടാവുകയും പരിക്ക് മാരകമാവുകയും ചെയ്തേക്കാം. തലയിലും മറ്റും ഇത്തരത്തിൽ ചുറ്റിക പതിച്ചാൽ തൽക്ഷണം ജീവൻ നഷ്ടപ്പെട്ടേക്കാം. ഇത്തരം കാര്യങ്ങൾ പ്രതി മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ചുറ്റിക ആയുധമായി ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ കേരളത്തിൽ വളരെ കുറവാണെന്ന് മുൻ പോലീസ് സർജനും മെഡിക്കോ ലീഗൽ വിദഗ്ദ്ധനുമായ ഡോ. പി.ബി.ഗുജ്റാൾ പറഞ്ഞു. ശക്തമായ അടിയിൽ തൽക്ഷണം ബോധം നഷ്ടമാവുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരകളുടെ പ്രായവും പ്രതിരോധിക്കാനുള്ള സാധ്യതക്കുറവും ഈ ആയുധം തിരഞ്ഞെടുക്കാൻ പ്രതിയെ പ്രേരിപ്പിച്ചിരിക്കാം. കൊടുംകുറ്റവാളികളും മറ്റും വിവിധ ആക്രമണങ്ങൾക്ക് ഒരേ രീതിയിലുള്ള ആയുധങ്ങളുപയോഗിക്കുന്നതു സംബന്ധിച്ച തെളിവുകളുണ്ട്. തലയോട്ടിയിൽ ചുറ്റികയുപയോഗിച്ച് അടിയേൽക്കുന്നതു സംബന്ധിച്ച പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.



