യൂറോപ്യൻ യൂണിയന്  25% തീരുവ ചുമത്താൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്യൻ യൂണിയൻ രൂപീകരിച്ചത് അമേരിക്കയെ തകർക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഒരു തീരുമാനമെടുത്തു, അത് വളരെ വേഗം പ്രഖ്യാപിക്കും,” ബുധനാഴ്ച നടന്ന കാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞു. കാർ ഇറക്കുമതിയെ പരാമർശിച്ചതൊഴിച്ചാൽ മറ്റെല്ലാത്തിനും താരിഫ് ബാധകമാകുമെന്ന് ട്രംപ് പറഞ്ഞു.

“അവർ നമ്മളെ ശരിക്കും മുതലെടുത്തു, അവർ നമ്മുടെ കാറുകൾ സ്വീകരിക്കുന്നില്ല. അടിസ്ഥാനപരമായി നമ്മുടെ കാർഷിക ഉൽപ്പന്നങ്ങൾ അവർ സ്വീകരിക്കുന്നില്ല. അവരുടെ എല്ലാ കാര്യങ്ങളും ഞങ്ങൾ സ്വീകരിക്കുന്നു. സത്യസന്ധമായി പറയട്ടെ, അമേരിക്കയെ തകർക്കാൻ വേണ്ടിയാണ് യൂറോപ്യൻ യൂണിയൻ രൂപീകരിച്ചത്”- ട്രംപ് പറഞ്ഞു. അതേസമയം യൂറോപ്യൻ യൂണിയനുമായുള്ള യുഎസ് ചരക്ക് വ്യാപാര കമ്മി 2024 ൽ 235.6 ബില്യൺ ഡോളറായിരുന്നു, ഇത് 2023 നെ അപേക്ഷിച്ച് 13% വർദ്ധനവ് ($26.9 ബില്യൺ) ആണെന്ന് യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് അറിയിച്ചു.

കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25% തീരുവ ചുമത്തുന്നത്ഏപ്രിൽ 2 മുതൽ  പ്രാബല്യത്തിൽ വരുമെന്ന് ട്രംപ്  പറഞ്ഞു.  ചൈനീസ് ഇറക്കുമതിക്ക് 10% തീരുവയും അദ്ദേഹം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികാര നടപടികളുമായി മൂന്ന് രാജ്യങ്ങളും തിരിച്ച് താരിഫുകൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ കണക്ക് പ്രകാരം യു എസിലേക്ക് ഏറ്റവുമധികം സ്റ്റീല്‍ കയറ്റിയയക്കുന്ന രാജ്യം കാനഡയാണ്. ബ്രസീല്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലെന്നാണ് അമേരിക്കന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (എ ഐ എസ് ഐ) കണക്കുകള്‍ വ്യക്തമാക്കുന്നത്. യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്റെ 40 ശതമാനവും കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നാണ്.