ബ്രൂക്ലിനിൽ താമസിക്കുന്ന ഒരു താജിക്ക് പൗരനെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. തുർക്കിയിലെയും സിറിയയിലെയും ഐസിസ് അനുയായികൾക്ക് പതിനായിരക്കണക്കിന് ഡോളർ നൽകി ഇസ്ലാമിക് സ്റ്റേറ്റിനെയും മധ്യേഷ്യയിലെ അതിൻ്റെ ശാഖയായ ഐഎസ്ഐഎസ്-കെയെയും പിന്തുണയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആണ് അറസ്റ്റ് ഉണ്ടായത്.

നിയമവിരുദ്ധമായി അമേരിക്കയിൽ വെച്ച് തോക്ക് കൈവശം വച്ചതിനും ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയതിനും മൻസൂരി മനുചേഖ്രിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കുടിയേറ്റേതര ടൂറിസ്റ്റ് വിസയിൽ 2016 ജൂണിൽ ആണ് ഇയാൾ അമേരിക്കയിൽ പ്രവേശിച്ചത്. 2016 ഡിസംബറിൽ വിസ കാലാവധി കഴിഞ്ഞതിന് ശേഷവും ഇയാൾ അമേരിക്കയിൽ തുടർന്നുവെന്നും എഫ്ബിഐ പറഞ്ഞു.

ക്രിമിനൽ പരാതി പ്രകാരം, 2024 ജനുവരിയിൽ ഇസ്താംബൂളിലെ ഒരു പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് തുർക്കി അധികൃതർ അറസ്റ്റ് ചെയ്ത വ്യക്തി ഉൾപ്പെടെ, തുർക്കിയിലെയും സിറിയയിലെയും ഐഎസുമായി ബന്ധമുള്ള വ്യക്തികൾക്ക് 70,000 ഡോളർ പണമടയ്ക്കാൻ മനുചെഖ്രി സഹായിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.

മനുചേഖ്രി ഇടയ്ക്കിടെ തോക്കുകളിൽ പരിശീലനം നേടുകയും തുർക്കിയിലെ ഒരു ഐസിസ് അഫിലിയേറ്റിലേക്ക് താൻ ആക്രമണ റൈഫിളുകൾ നിറയ്ക്കുന്നതിൻ്റെ വീഡിയോകൾ അയയ്ക്കുകയും ചെയ്തു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഒരു അടുത്ത ബന്ധു ന്യൂയോർക്ക് സ്റ്റേറ്റ് ടെററിസം ടിപ്‌സ് ഹോട്ട്‌ലൈനിൽ വിളിച്ച് മനുചേഖ്രി അക്രമം നടത്തിയേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചതായി എഫ്ബിഐ അറിയിച്ചു.