മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 700 ലധികം വീടുകള്‍ കത്തിനശിക്കുകയും ചെയ്തു. സ്വയം പ്രതിരോധ സായുധ സേനയായ 3ആര്‍, എന്‍സോറോ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. കാളകളെ മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് തങ്ങള്‍ എന്‍സോറോ ഗ്രാമം ആക്രമിച്ചതെന്ന് ആഭ്യന്തരയുദ്ധകാലത്ത് രൂപീകരിച്ച സ്വയം പ്രതിരോധ സായുധ സേനയായ 3ആര്‍ പറഞ്ഞു.
പാര്‍ശ്വവത്കരിക്കപ്പെട്ട ഇടയന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് 3ആറിലെ പുരുഷന്മാര്‍ക്കുള്ളതെന്ന് സംഘടന അവകാശപ്പെടുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉദ്ദേശ്യം അറിയില്ലെന്ന് എന്‍സോറോ മേയര്‍ ബെര്‍ട്രാന്‍ഡ് ഔഡിന്‍ ഡിമാഞ്ചെ പറഞ്ഞു. 3ആര്‍ വിമതര്‍ക്ക് മനുഷ്യജീവനോട് ബഹുമാനമില്ലെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് അവര്‍ കൊലപാതകം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും ജനങ്ങളെ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാവിലെ നടന്ന ആക്രമണം ജനങ്ങളെ ഞെട്ടിച്ചു. പലരും അടുത്തുള്ള ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തു. മറ്റുള്ളവര്‍ ഒരു വലിയ പട്ടണത്തില്‍ അഭയം തേടിയെന്ന് കാമറൂണിന്റെയും ഛാഡിന്റെയും അതിര്‍ത്തിയിലുള്ള എന്‍ഗൗണ്ടയേയിലെ പ്രാദേശിക റെഡ് ക്രോസിന്റെ സന്നദ്ധപ്രവര്‍ത്തകനായ ജീന്‍ റോബര്‍ട്ട് എന്‍ഗ്ബാഡിന്‍ പറഞ്ഞു.
2013 ല്‍ മുസ്ലീം വിമതര്‍ അധികാരം പിടിച്ചെടുക്കുകയും അന്നത്തെ പ്രസിഡന്റ് ഫ്രാന്‍സ്വാ ബോസിസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതോടെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് സംഘര്‍ഷത്തിലാണ്. 2019 ലെ സമാധാന ഉടമ്പടി പോരാട്ടം കുറയ്ക്കുക മാത്രമാണ് ചെയ്തത്, ഒപ്പിട്ട 14 സായുധ ഗ്രൂപ്പുകളില്‍ ആറെണ്ണം പിന്നീട് കരാര്‍ വിട്ടു.



