യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോൺ. സമാധാന ഉടമ്പടിക്ക് ശക്തമായ സുരക്ഷാ പിന്തുണ ഉണ്ടാകണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
ഉക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും ട്രംപും തമ്മില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ച തീരുമാനിച്ചത്. പുടിനുമായുള്ള ചർച്ചകളിൽ ജാഗ്രത പാലിക്കണമെന്ന് മാക്രോൺ ആവശ്യപ്പെട്ടു.
“പ്രസിഡന്റ് ട്രംപിന്റെ വരവ് ഒരു ഗെയിം ചേഞ്ചറാണെന്ന് ഞാൻ കരുതുന്നു, നമുക്ക് സമാധാനം വേണം. പ്രസിഡന്റ് ട്രംപിന്റെ മുൻകൈ വളരെ പോസിറ്റീവായ ഒന്നാണെന്ന് ഞാൻ കരുതുന്നു. പക്ഷേ, ജാഗ്രത പാലിക്കുക എന്നതായിരുന്നു എന്റെ സന്ദേശം”. മാക്രോൺ പറഞ്ഞു.
നേരത്തെ റഷ്യ – ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധം പരസ്യമാക്കി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ, വിഷയം ചർച്ച ചെയ്യാൻ പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം ചേരാനടക്കം തീരുമാനിച്ചിരുന്നു.
ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് എന്നീ രാജ്യങ്ങളെല്ലാം യുഎസിന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂറോപ്യൻ നേതാക്കൾ ചര്‍ച്ചയ്ക്കായി കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.



