കോട്ടയം : ജലാശയങ്ങൾ വറ്റിവരളുമ്പോൾ സോഡകളുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക ഉയരുന്നു. മീനച്ചിലാറിലേയും പരിസരങ്ങളിലേയും വെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെ സാന്നിദ്ധ്യം കണ്ടത്തിയതോടെയാണിത്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും കാര്യക്ഷമവുമല്ല. സർബത്ത് കടയിൽ മുതൽ ബാറുകളിൽ വരെ വിതരണം ചെയ്യുന്ന സോഡയ്ക്ക് ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നാണെന്ന് ഒരുപിടിയുമില്ല. ജില്ലയിൽ അമ്പതിലേറെ സോഡ കമ്പനികളുണ്ടെന്നാണ് കണക്ക്. ഇതിന് പുറമേയാണ് വൻകിട ബ്രാൻഡുകളുടെ ക്ലബ് സോഡയും. കുപ്പിവെള്ള കമ്പനികൾക്ക് സമാനമായി സോഡ കമ്പനികളിലും പരിശോധന വ്യാപകമാക്കണമെന്നാണ് ആവശ്യം. സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കൽ ലാബുകളിൽ പരിശോധിച്ചാൽ ഗുണമേന്മയറിയാം. ലൈസൻസ് റദ്ദുചെയ്യാനും പിഴയീടാക്കാനും കഴിയും. മഴക്കാലത്ത് ബാറുകളിൽ മാത്രമാണ് കൂടുതലായി ലോക്കൽ സോഡയുടെ വില്പന. ചൂട് കാലം തുടങ്ങിയാൽ വഴിയോരക്കടകൾ മുതൽ ബേക്കറികളിൽ വരെ സോഡയ്ക്ക് ഡിമാൻഡാണ്. ചെറിയ കടയിൽ പോലും ദിവസം നൂറ് സോഡ മിനിമം വിറ്റുപോകുന്നുണ്ട്.

നിറയ്ക്കുന്നത് മീനച്ചിലാറ്റിലെ മലിന ജലം

നഗരത്തിലെ സോഡകളേറേയും മീനച്ചിലാറ്റിലേയും പരിസരങ്ങളിലേയും വെള്ളം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ബാറുകളിലടക്കം ഈ സോഡയാണ് ഉപയോഗിക്കുന്നത്. ഇ – കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനാൽ

മഞ്ഞപ്പിത്തം പടരാൻ സോഡകൾ കാരണമാകും. ശുദ്ധജലത്തിൽ കാർബൺഡൈ ഓക്‌സൈഡ് ചെറിയ മർദ്ദത്തിൽ ലയിപ്പിക്കുന്നതാണ് സോഡ. കാർബൺഡൈ ഓക്‌സൈഡ് വളരെക്കുറച്ച് മാത്രമേ വെള്ളത്തിൽ ലയിക്കുകയുള്ളൂ. വെള്ളം ശുദ്ധമാണെങ്കിൽ സോഡ കുടിക്കുന്നതുകൊണ്ട് ദോഷമില്ല.

ഗുണമേന്മ പെട്ടെന്ന് തിരിച്ചറിയാനാകില്ല

കുപ്പിവെള്ളം പോലെ സോഡ നേരിട്ട് കുടിക്കുന്നത് വിരളം

കുപ്പിയ്ക്ക് മുകളിൽ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിക്കില്ല

ഗ്യാസുള്ളതിനാൽ അരുചിയും തിരിച്ചറിയാനാവില്ല

സർബത്തായി കുടിക്കുന്നതിനാൽ ഗുണനിലവാരം ഉറപ്പാക്കാനാവില്ല

ബാറുകളിൽ ലഭിക്കുന്ന ലോക്കൽ സോഡയ്ക്കും സമാന പ്രശ്നം