സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. വിവിധ സ്വഭാവങ്ങളുള്ള കണ്ടന്റുകളിലൂടെയാണ് ഇവർ സമ്പാദിക്കുന്നത്. എന്നാൽ, ഒന്നും ചെയ്യാതെ വെറുതെ കിടന്ന് ലക്ഷങ്ങൾ സമ്പാദിച്ചുവെന്നാണ് ഒരു ഇൻഫ്ളുവൻസർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാലും ഒരുദിവസം താൻ 300,000 യുവാൻ (35 ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ടെന്നാണ് ചൈനീസ് ഇൻഫ്ളുവൻസറായ ഗു സിക്സിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഫെബ്രുവരി എട്ട് മുതൽ 16 വരെയുള്ള ദിവസം കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് 10.39 ലക്ഷം യുവാന്റെ (12.14 കോടി രൂപ)വരുമാനമുണ്ടായി ഇതിൽ കമ്മീഷൻ മാത്രം 2.79 മില്ല്യൺ യുവാൻ (3.33 കോടി രൂപ) ലഭിക്കുമെന്നാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ലൈവ് സ്ട്രീമിനിടെയാണ് ഗു സിക്സി ഇക്കാര്യം പറഞ്ഞത്. എന്നാൽ, ഇതിനിടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം എന്ന പരാമർശത്തെ തുടർന്ന് കടുത്ത വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഇവർക്കെതിരേ ഉയരുന്നത്. അഞ്ച് മില്ല്യൺ ഫോളോവേഴ്സാണ് ഇവർക്ക് സാമൂഹിക മാധ്യമങ്ങളിലുള്ളത്.
ഇന്നത്തെ ദിവസം മുഴുവൻ ഞാൻ ഒന്നും ചെയ്യാതെ വെറുതെ കിടക്കുകയായിരുന്നു. പക്ഷെ എന്റെ ഡുയിൻ(Douyin) ഷോപ്പിലൂടെ 1.16 മില്ല്യൺ യുവാന്റെ വിൽപ്പന നടന്നു. ഇതിൽ 303,200 യുവാൻ കമ്മീഷനായി മാത്രം എനിക്ക് ലഭിച്ചുവെന്നാണ് ഗു സിക്സി പറയുന്നത്. ഞാൻ ഇപ്പോൾ പറഞ്ഞത് എന്റെ മാസ വരുമാനമല്ല, ഒരു ദിവസമുണ്ടാക്കുന്ന വരുമാനമാണ്. നിങ്ങൾ എന്നെ വിമർശിക്കുന്നതിന് അനുസരിച്ച് ഞാൻ സമ്പാദിച്ചുകൊണ്ടിരിക്കുമെന്നാണ് ഗു സിക്സി വിമർശകർക്ക് നൽകിയിരിക്കുന്ന മറുപടി.
ഗു സിക്സി ചൈനയിലെ ഒരു വിവാദ സെലിബ്രിറ്റിയാണ്. തെക്കുകിഴക്കൻ ചൈനയിൽ നിന്നുള്ള 25-കാരിയായ ഈ സോഷ്യൽ മീഡിയ താരം വിചിത്രമായ പ്രവർത്തികളിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. പിങ് പോങ് ബോൾ വിഴുങ്ങുന്നത് ഉൾപ്പെടെയുള്ള പ്രവർത്തികളായിരുന്നു ഇവർ ചിത്രീകരിച്ചിരുന്നത്. ഇതിനുപുറമേ, അശ്ലീല ഉള്ളടക്കവും സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്തതിന് ഒന്നിലധികം തവണ ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ആദ്യമായാണ് ഗു സിക്സി തന്റെ വരുമാനം വെളിപ്പെടുത്തുന്നത്. മുമ്പ് 2000 സ്ക്വയർ മീറ്റർ വില്ല സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്നും അതിന് 20 മില്ല്യൺ യുവാൻ (23.41 കോടി രൂപ) ചിലവ് വരുമെന്നും അറിയിച്ചിരുന്നു. വെറുതെ ഇരുന്ന് പണം സമ്പാദിക്കുമെന്ന് പറഞ്ഞത് പിന്നീട് ഗു സിക്സി തിരുത്തി. എന്റെ ഈ പ്രസ്താവന ആളുകളെ പ്രകോപിപ്പിച്ചെന്നാണ് കരുതുന്നത്. എനിക്ക് ലഭിക്കുന്ന ഓരോ യുവാനും കഷ്ടപ്പെട്ട് സമ്പാദിക്കുന്നതാണെന്നായിരുന്നു അവർ പറഞ്ഞത്.



