എല്ലാ പരിധികൾക്കും അപ്പുറത്താണ് ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക്. മണിക്കൂറുകൾ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിക്കിടക്കുക എന്നത് ബെംഗളൂരുവിൽ സാധാരണ കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗതാഗതക്കുരുക്ക് കൂടിയ പ്രദേശങ്ങളിലേക്ക് പലപ്പോഴും ടാക്സി സർവീസുകളും ലഭിക്കില്ല. ഇത് എല്ലാ ദിവസവും ജോലിക്ക് പോകേണ്ടവരെയാണ് ഏറ്റവും ബുദ്ധിമുട്ടിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഈ ട്രാഫിക്കിൽനിന്ന് രക്ഷതേടി വിചിത്രമായ മാർഗങ്ങളാണ് ബെംഗളൂരുവിലുള്ളവർ പരീക്ഷിക്കുന്നത്. സമയത്ത് ഓഫീസിലെത്താൻ ഒരു യുവാവ് കണ്ടെത്തിയ വിചിത്രമായ മാർഗമാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ ചിരിപ്പിക്കുന്നത്.
ഓഫീസിൽ പോകാനായി ഓലയും ഊബറും പോലുള്ള ടാക്സി സർവീസുകൾ കാത്തിരുന്ന് മടുത്താണ് പതിക് എന്ന യുവാവ് വിചിത്രമായ ഒരു ആശയം പരീക്ഷിച്ചത്. പോർട്ടർ എന്ന ആപ്പ് ഉപയോഗിച്ച് തന്നെത്തന്നെ കയറ്റി അയക്കുകയാണ് ഇയാൾ ചെയ്തത്. സാധനങ്ങൾ കയറ്റി അയക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ഓൺലൈൻ ട്രാൻസ്പോർട്ട് സർവീസാണ് പോർട്ടർ ആപ്പ്. ഇയാൾ തന്നെയാണ് ഈ വിവരം ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഓലയും ഊബറും കിട്ടാത്തതിനാൽ എനിക്ക് എന്നെത്തന്നെ പോർട്ട് ചെയ്യേണ്ടിവന്നുവെന്നാണ് ഇദ്ദേഹം ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. പോർട്ടർ ആപ്പിന്റെ ഡെലിവറി ജീവനക്കാരനൊപ്പം ബൈക്കിൽ പോകുന്നതാണ് ചിത്രത്തിലുള്ളത്.
നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയത്. ഇയാളുടെ ബുദ്ധിയെ സമ്മതിച്ചുകൊടുക്കണമെന്നും നമുക്ക് എന്തുകൊണ്ട് ഇതുപോലെ തോന്നിയില്ല എന്നുമാണ് ചിലർ കമന്റ് ചെയ്തത്. വൈറലായ പോസ്റ്റിന് പോർട്ടർ ആപ്പും കമന്റ് ചെയ്തു. യുവാവിന്റെ ബുദ്ധിയെയും പ്രതിസന്ധിഘട്ടങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള കഴിവിനെയും അഭിനന്ദിക്കുന്നു എന്നാണ് പോർട്ടർ ആപ്പ് ചിത്രത്തിന് നൽകിയ കമന്റ്.



