വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അഞ്ചാമത്തെ ബന്ദി കൈമാറ്റത്തിൽ 183 പലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേലി തടവുകാരെ മോചിപ്പിച്ച് ഹമാസ്. ഒഹാദ് ബെൻ അമി, (56), എലി ഷറാബി (52), ഓർ ലെവി (34) എന്നിവരെയാണ് മോചിപ്പിച്ചത്.
സെൻട്രൽ ഗസ്സ മുനമ്പിലെ ദേർ അൽ ബലായിൽ അന്തർദേശീയ റെഡ്ക്രോസ് കമ്മിറ്റിലെ ഉദ്യോഗസ്ഥർക്കാണ് തടവുകാരെ കൈമാറിയത്. ബന്ദികളെ വിട്ടുകൊടുക്കുന്ന സ്ഥലത്ത് ഹമാസ് സ്റ്റേജ് ഒരുക്കിയിരുന്നു.
ഇസ്രായേലുമായുള്ള മാനുഷിക സഹായവും മറ്റ് പ്രധാന വിതരണങ്ങളും ഗസ്സയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചതിന് പിന്നാലെയാണിത്.
പകരമായി 183 പലസ്തീൻ തടവുകാരെ ഇസ്രായേൽ കൈമാറി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന 18 പേരും ദീർഘകാല തടവ് അനുഭവിക്കുന്ന 54 പേരും ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ തടവിലാക്കിയ ഗസ്സയിൽ നിന്നുള്ള 111 പേരും ഉൾപ്പെടുന്നു. എല്ലാവരും 20 നും 61 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്.
അതിനിടെ, മോചിപ്പിക്കാൻ നിശ്ചയിച്ചിരുന്ന പലസ്തീൻ തടവുകാരുടെ വീടുകൾ ഇസ്രായേൽ റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. ഫലസ്തീൻ പ്രിസണേഴ്സ് മീഡിയ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് റെയ്ഡ് നടന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
വിട്ടയച്ച മൂന്നു പേരെ ഗസ്സ അതിർത്തിയിലെ ഒരു ഇസ്രായേലി സൈനിക താവളത്തിലേക്ക് കൊണ്ടുപോകും. അവിടെ തിരിച്ചറിയൽ പരിശോധനയും പ്രാഥമിക മെഡിക്കൽ- മനഃശാസ്ത്ര വിലയിരുത്തലും നടത്തുകയും അടുത്ത കുടുംബാംഗങ്ങളുമായി അവർ ഒന്നിക്കുകയും ചെയ്യും. തുടർന്ന്, മധ്യ ഇസ്രായേലിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യും. അവിടെ അവർ ബാക്കിയുള്ള കുടുംബവുമായി വീണ്ടും ഒന്നിക്കുകയും അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് അവിടെ താമസിക്കുകയും ചെയ്യും.



