യു.എസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെട്ട അനധികൃത കുടിയേറ്റകാര് ലക്ഷകണക്കിന് രൂപയാണ് ചെലവിട്ടത്. ഇന്ത്യയിലെ ഏജന്റുമാര്‍ വഴിയും വിദേശ ഏജന്‍സികള്‍ വഴിയുമാണ് പലരും അനധികൃത വഴിയിലൂടെ യു.എസിലെത്തിയത്. തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും സമീപ മാസങ്ങളില്‍ രാജ്യത്ത് എത്തിച്ചേര്‍ന്നവരാണ്.
പലരും അഭയത്തിനായി അപേക്ഷിച്ചിട്ടുമില്ലെന്നാണ് വിവരം.
പഞ്ചാബിലെ വെര്‍പാല്‍ ജില്ലയില്‍ നിന്നുള്ള 26 കാരിയായ സുഖ്ജീത് കൗർ പ്രതിശുത്ര വരനെ വിവാഹം കഴിക്കാനാണ് വളഞ്ഞ വഴി യു.എസിലേക്ക് കടന്നത്. എന്നാല്‍ വിവാഹത്തിന് മുന്‍പ് പിടിക്കപ്പെട്ട് തിരിച്ചയച്ചു. പിതാവ് കാബുള്‍ സിങ് ഇറ്റലിയിലാണ്. അമ്മയും സഹോദരനുമാണ് പഞ്ചാബിലുള്ളത്. എന്റെ കൊച്ചുമകന് 15 ദിവസം മുന്‍പാണ് യുഎസിലേക്ക് പോയത്. യുഎസിലേക്ക് പോകാനുള്ള തീരുമാനത്തോട് ഞാന്‍ എതിരായിരുന്നു. ഈ യുവാക്കള്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല. എത്ര രൂപ ചെലവാക്കിയെന്നും അറിയില്ല’ മടങ്ങിയെത്തിയ അജയ്ദീപ് സിങിന്റെ മുത്തച്ഛന് ചരണ്‍ജിത് സിങ് പറഞ്ഞു.
അജയ്ദീപിന്റെ പിതാവ് സ്വരന്‍ സിങ് തന്റെ മൂന്ന് ഏക്കര്‍ കൃഷിഭൂമി പണയപ്പെടുത്തിയാണ് മകനെ യുഎസിലേക്ക് അയക്കാന്‍ പണം കണ്ടെത്തിയത്. ഐഇഎല്‍ടിഎസ് പഠിച്ച് സ്റ്റുഡന്റ് വിസ നേടാന്‍ അര്‍ഷദീപ് ശ്രമിച്ചെങ്കിലും അത് വിജയകരമായിരുന്നില്ല. ദുബായില്‍ ട്രക്ക് ഡ്രൈവര്‍ ജോലിക്കായി എത്തി അവിടെ നിന്നുള്ള ഏജന്റ് വഴിയാണ് യുഎസിലേക്ക് കടന്നതെന്നും പിതാവ് പറഞ്ഞു. മൊത്തം 60 ലക്ഷമാണ് കുടുംബം ചെലവാക്കിയത്.
അമൃത്സറിലെ സലേംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ദാലര്‍ സിങ് ഒരു മാസം മുന്‍പാണ് യുഎസിലെത്തിയത്. രണ്ട് മക്കളുടെ അച്ഛനായ ദാലര്‍ സിങ് നാട്ടില്‍ ബസ് ഡ്രൈവറായിരുന്നു. 30 ദിവസം മുന്‍പ് 30 ലക്ഷത്തിന് അടുത്ത ചെലവാക്കിയാണ് യുഎസിലേക്ക് എത്തിയതെന്ന് അദ്ദേഹത്തിന്റെ ബന്ധു പറയുന്നു.
ടെക്സാസിലെ സാൻ അന്റോ്റോണിയോയിൽ നിന്നും നാടുകടത്തിയ ഇന്ത്യക്കാരുമായെത്തിയ ആദ്യവിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അമൃത്സറിലെ ശ്രീ ഗുരു റാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയത്. തിരിച്ചെത്തിയവരിലുണ്ടായിരുന്ന പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ റോഡ് മാര്‍ഗം വീടുകളിലേക്ക് പോയി. ഗുജറാത്തടക്കം മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വിമാന സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയക്കുന്നത്. ഇതിന് മുന്‍പ് 2024 ഒക്ടോബറിലാണ് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. അന്ന് ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്.



