വാഷിങ്ടൺ: തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതികാര നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരായ കേസുകളിൽ പങ്കാളികളായ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയാണ് ട്രംപിന്റെ പ്രതികാരം. പ്രോസിക്യൂട്ടർമാരുൾപ്പെടെ പിരിച്ചുവിട്ടവരിൽപെടും. രാജിവെച്ച സ്പെഷ്യൽ കൗൺസിൽ ജാക്ക് സ്മിത്തിൻറെ ടീമിലുണ്ടായിരുന്നവരെയാണ് പിരിച്ചുവിട്ടത്.

കഴിഞ്ഞ ദിവസം 12 ഫെഡറല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ സമിതികളെ ട്രംപ് ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു. ‌‌ഭരണനിർവ്വഹണത്തിലെ ശുദ്ധികലശത്തിന്റെ ഭാ​ഗമായാണ് പിരിച്ചുവിടൽ. താൻ തീരുമാനങ്ങൾ നടപ്പിലാക്കി തുടങ്ങിയിട്ടേയുളളുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ബൈഡന്റെ കാലത്ത് ചെയ്തുകാണിക്കാൻ പറ്റാത്താത് താൻ ഒരാഴ്ച കൊണ്ട് നടപ്പിലാക്കിയെന്നും പിരിച്ചുവിടലിന് പിന്നാലെ ട്രംപ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ പെട്ടെന്നുളള പിരിച്ചുവിടൽ ദ്യോ​ഗസ്ഥരുടെ രോഷത്തിനും നിയമപരമായ വെല്ലുവിളികൾക്കും കാരണമായിട്ടുണ്ട്.

ഇത്തരത്തിലുളള പിരിച്ചുവിടലുകൾക്ക് 30 ദിവസത്തെ നോട്ടീസ് നൽകണമെന്നാണ് നിയമമെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ട്രംപിനെതിരെയുളള രണ്ട് ക്രിമിനൽ കേസുകളിൽ അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജനുവരി 12 ന് രാജിവെച്ചിരുന്നു. ജോ ബൈഡന്റെ കാലാവധി തീരും മുമ്പ് ജാക്ക് സ്മിത്ത് രാജിവെക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തനിക്ക് എതിരെയുളള കേസുകൾ കൈകാര്യം ചെയ്തതിനെ സ്മിത്തിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജാക്ക് സ്മിത്ത് രാജിവെച്ചൊഴിഞ്ഞത്.

ജെന്‍ഡര്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനങ്ങൾ അധികാരമേറ്റയുടനെ ട്രംപ് നടത്തിയിരുന്നു. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് ട്രംപ് പറഞ്ഞു. മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തിരിച്ചടി നല്‍കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.