വിനോദസഞ്ചാര മേഖലയിൽ സമീപകാലത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ നടപടിയായിരുന്നു സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകൾ ആക്കിമാറ്റിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം താരതമ്യേന തുച്ചമായ തുകയ്ക്ക് ഏറ്റവും മികച്ച താമസസൗകര്യം ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യമാണ് ഇതോടെയുണ്ടായത്. സഞ്ചാരികളിൽനിന്ന് വലിയ രീതിയിലുള്ള പ്രതികരണമാണ് ഇതിനുണ്ടായത്. സംസ്ഥാനത്തെ റസ്റ്റ്ഹൗസുകളിലെല്ലാം വലിയ രീതിയിലുള്ള ബുക്കിങ് ഉണ്ടാവുകയും ഇതിലൂടെ മികച്ച വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു.

റസ്റ്റ് ഹൗസുകളെല്ലാം മികച്ച രീതിയിൽ നവീകരിക്കുകയും ഓൺലൈൻ ബുക്കിങ്ങ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്തതോടെ എല്ലാ റസ്റ്റ്ഹൗസുകളും സീസണുകൾ വ്യത്യാസമില്ലാതെ ബുക്കിങ് ഫുൾ ആകുന്ന സാഹചര്യമായി. കഴിഞ്ഞ മൂന്ന് വർഷത്തിനകം മാത്രം 20 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ സർക്കാരിന് ലഭിച്ചത്. ഇക്കാലയളവിൽ മൂന്ന് ലക്ഷത്തിലേറെ ആളുകൾ റസ്റ്റ്ഹൗസുകളിൽ മുറികൾ ബുക്ക് ചെയ്തു. 

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും കുറഞ്ഞ നിരക്കിൽ താമസസൗകര്യം ലഭിക്കുന്നു എന്നത് പലപ്പോഴും സാധാരണക്കാരായ സഞ്ചാരികൾക്ക് വലിയ സഹായമാണ്. സീസൺ സമയത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ താമസ നിരക്കുകൾ രണ്ടും മൂന്നും ഇരട്ടിയായി വർധിക്കുമ്പോഴും അതിഥി മന്ദിരങ്ങൾ അതേ തുകയ്ക്ക് തന്നെ ലഭിക്കുന്നു എന്നതാണ് മറ്റൊരു ആകർഷണം. താരതമ്യേന കുറഞ്ഞ നിരക്കിൽ ത്രീസ്റ്റാർ ഹോട്ടൽ താമസാനുഭവം എല്ലാവർക്കും നൽകുന്നു എന്നതാണ് അതിഥി മന്ദിരങ്ങളുടെ ഈ ജനകീയതയ്ക്ക് കാരണം.

റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിന് മുൻതൂക്കം നൽകുകയും 23 റസ്റ്റ് ഹൗസുകൾ നവീകരിക്കുകയും ചെയ്തു. ഫോർട്ട് കൊച്ചി, പൊന്മുടി, ഫറോക്ക്, പെരിയ, കുണ്ടറ, കോഴിക്കോട്, തൃത്താല, സുൽത്താൻ ബത്തേരി, മട്ടന്നൂർ, കുറ്റാലം തുടങ്ങിയ റസ്റ്റ് ഹൗസുകൾ പുതുമോടിയിൽ ശ്രദ്ധനേടി. കണ്ണൂർ ജില്ലയിലെ പിണറായിയിൽ പുതിയ റസ്റ്റ് ഹൗസ് നിർമ്മാണം ആരംഭിച്ചു. തൈക്കാട് അനുവദിച്ച വനിതാ റസ്റ്റ് ഹൗസിന്റെ നിർമാണം ഈ വർഷം ആരംഭിക്കാൻ ലക്ഷ്യമിടുന്നു. ഇതോടൊപ്പം സർക്കാർ അതിഥി മന്ദിരങ്ങൾക്കും പുതിയ രൂപം കൈവരികയാണ്.

നിലവിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ 24 ഗസ്റ്റ് ഹൗസുകളും നാല് യാത്രി നിവാസുകളും രണ്ട് ഇക്കോ ലോഡ്ജുകളുമാണുള്ളത്. കേരളത്തിന് പുറത്ത് രണ്ട് കേരള ഹൗസുകളിലും ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാണ്. ഇത്തരത്തിൽ ആകെ 32 സ്ഥാപനങ്ങളിലായി ആകെ 505 മുറികളാണ് നിലവിൽ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുക. 212 മുറികൾ കൂടി ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ 39 മുറികളുള്ള പുതിയ ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. 22 കോടി രൂപയുടെ പദ്ധതിയാണിത്. ആലുവ ഹെറിറ്റേജ് ബ്ലോക്കിന്റെ നവീകരണത്തിനായി 6.65 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കന്യാകുമാരിയിൽ 2.5 കോടി രൂപയുടെ നവീകരണവും പുരോഗമിക്കുകയാണ്. ഗുരുവായൂരിൽ 55 മുറികളുള്ള പുതിയ ഗസ്റ്റ് ഹൗസിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 25.4 കോടി രൂപയാണ് ഇതനായി ചിലവഴിക്കുന്നത്.

ടൂറിസം പറുദീസയായ സുൽത്താൻ ബത്തേരിയിൽ പഴയ ബ്ലോക്കിന്റെ നവീകരണം പൂർത്തിയാക്കി കഴിഞ്ഞു. 54 മുറികളുള്ള പുതിയ ബ്ലോക്കിന്റെ പ്രവൃത്തി 15.97 കോടി രൂപ ചിലവിൽ ഈ വർഷം പൂർത്തിയാക്കും. വർക്കലയിൽ 11 മുറികളുള്ള കോട്ടേജുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. പത്ത് കോടിയോളം ചെലവിൽ നിർമിക്കുന്ന ഈ കോട്ടേജുകൾ ഈ വർഷം തുറന്നുകൊടുക്കും. പീരുമേട് ഹെറിറ്റേജ് ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. പൊന്മുടിയിൽ 22 മുറികളുള്ള കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി നിൽക്കുന്നു. ഫെബ്രുവരിയിൽ തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം യാത്രിനിവാസിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്നാറിൽ 10 മുറികളുള്ള പുതിയ ബ്ലോക്കും കോഴിക്കോട് 37 മുറികളുള്ള അഡീഷണൽ ബ്ലോക്കും സമീപകാലത്താണ് യാത്രികർക്കായി തുറന്നുകൊടുത്തത്.

ഇടുക്കിയിലെ അതിമനോഹര ഹിൽസ്റ്റേഷനായ പീരുമേട് 14 മുറികളുള്ള ഇക്കോ ലോഡ്ജുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. വൈകാതെ തന്നെ ഈ ഇക്കോ ലോഡ്ജിൽ കുറഞ്ഞ ചെലവിൽ താമസിച്ച് സഞ്ചാരികൾക്ക് പീരുമേടിന്റെ സൗന്ദര്യം ആസ്വദിക്കാം. ഇടുക്കിയിലെ ഇക്കോ ലോഡ്ജ് കേരളത്തിന്റെ ടൂറിസം മേഖലയിൽ തന്നെ പുത്തൻ അനുഭവമായിരുന്നു. അതിമനോഹരമായ ഇടുക്കി ഡാമിന്റെ പശ്ചാത്തലത്തിൽ 12 മുറികളുള്ള ഇക്കോ ലോഡ്ജ് സമാനതകളില്ലാത്ത അനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.