തിരുവനന്തപുരം: വാഹനവായ്പ അടച്ചുതീരുമ്പോൾ ഉടമ അപേക്ഷിക്കാെതതന്നെ വായ്പവിവരം വാഹനരേഖകളിൽനിന്ന് നീക്കംചെയ്യുന്ന ഓൺലൈൻ സംവിധാനം വരുന്നു. വായ്പനൽകിയ ധനകാര്യസ്ഥാപനം തിരിച്ചടവ് പൂർത്തിയായത് മോട്ടോർവാഹനവകുപ്പിനെ ഓൺലൈനിൽ അറിയിക്കും. അവർ അതുപരിഗണിച്ച് വായ്പവിവരം ഒഴിവാക്കും.

ഏപ്രിൽമുതൽ വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഡിജിറ്റൽ രൂപത്തിലാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. നിലവിൽ വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) ധനകാര്യ സ്ഥാപനത്തിന്റെ എതിർപ്പില്ലാരേഖ സഹിതം അപേക്ഷിക്കണം. ഇതിനുപകരം, ധനകാര്യസ്ഥാപനങ്ങളെ വാഹൻ സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചതോടെ, വായ്പ തീരുമ്പോൾ അവർ അക്കാര്യം മോട്ടോർവാഹനവകുപ്പിനെ അറിയിക്കും. തുടർന്ന് ആർ.സി.യിൽനിന്ന് വായ്പവിവരം ഒഴിവാക്കും

റിസർവ് ബാങ്ക് അംഗീകാരമുള്ള ധനകാര്യസ്ഥാപനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ വാഹൻ സോഫ്റ്റ്വേറിൽ പ്രവേശനം. ഒട്ടേറെ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ വാഹനവായ്പ നൽകുന്നുണ്ട്. ഇവരെക്കൂടി ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പവിവരം ഒഴിവാക്കാൻ 85 രൂപയാണ് ഇപ്പോൾ ഫീസ്. ഈ തുകകൂടി വായ്പ രേഖപ്പെടുത്തുന്ന സമയത്ത് ഈടാക്കും. ധനകാര്യസ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുകയോ, മറ്റു സ്ഥാപനങ്ങളുമായി ലയിക്കുകയോ ചെയ്താൽ മോട്ടോർവാഹനവകുപ്പിന് വിവരം കൈമാറണം.ചില ധനകാര്യസ്ഥാപനങ്ങളും ഇടനിലക്കാരും വാഹന ഉടമകളെ കബളിപ്പിക്കുന്നതായി പരാതിയുയർന്ന പശ്ചാത്തലത്തിലാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്. എതിർപ്പില്ലാരേഖ നൽകാൻ ചില സ്ഥാപനങ്ങൾ അമിതനിരക്ക് ഈടാക്കുന്നുമുണ്ട്.