15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിടാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ അംഗീകരിച്ചു. എന്നാല്‍ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് ഇസ്രായേല്‍ പിന്‍മാറുന്നു എന്നാണ് സൂചന. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ ഒരാഴ്ചയിലേറെ നീണ്ട ചര്‍ച്ചകളാണു വിജയത്തിലെത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി വ്യക്തമാക്കിയിരുന്നു.

ഇന്ന് ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിരുന്നത്. ചില വ്യവസ്ഥകള്‍ പാലിക്കാന്‍ ഹമാസ് തയാറായില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. അതിനാല്‍ കരാറിന് അംഗീകാരം നല്‍കാന്‍ ക്യാബിനറ്റ് യോഗം ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന 20നു മുന്‍പ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്താന്‍ യുഎസ് സമ്മര്‍ദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണു വെടിനിര്‍ത്തലിലേക്കു നയിച്ചതെന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. വടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ ഗാസയിലെങ്ങും ജനം ആഹ്ലാദപ്രകടനം നടത്തി.

ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ ഫിലഡല്‍ഫിയ ഇടനാഴിയില്‍ സൈന്യം തുടരുമെന്ന ഇസ്രയേല്‍ നിലപാടിനെ ഹമാസ് എതിര്‍ത്തത് ചര്‍ച്ചകള്‍ക്കു തടസ്സം സൃഷ്ടിച്ചിരുന്നു. ഇരുപക്ഷവുമായി ഖത്തര്‍ പ്രധാനമന്ത്രി വെവ്വേറെ നടത്തിയ അവസാനഘട്ട ചര്‍ച്ചകളിലാണു ധാരണയായത്. വെടിനിര്‍ത്തലിന്റെ ആദ്യഘട്ടത്തില്‍ ഇവിടെ ഇസ്രയേല്‍ സൈനികസാന്നിധ്യം കുറച്ചുകൊണ്ടുവരാന്‍ ധാരണയായിരുന്നു.

42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തില്‍, ഹമാസ് ബന്ദികളാക്കിയിരിക്കുന്നവരില്‍ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പലസ്തീന്‍കാരെ വിട്ടയയ്ക്കും. ഗാസയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്‍മാറുകയും ചെയ്യും. ആദ്യഘട്ടം തീരുംമുന്‍പുതന്നെ രണ്ടാംഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.

യുദ്ധത്തില്‍ ഗാസയുടെ ഭൂരിഭാഗം പ്രദേശവും തകര്‍ന്നടിയുകയും 23 ലക്ഷം പലസ്തീന്‍കാരില്‍ 90 ശതമാനവും അഭയാര്‍ഥികളായി മാറുകയും ചെയ്തു. യുദ്ധത്തിനു കാരണമായ 2023 ഒക്ടോബര്‍ 7ലെ ഹമാസ് കടന്നാക്രമണത്തില്‍ തെക്കന്‍ ഇസ്രയേലില്‍ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ബന്ദികളാക്കി. നവംബറില്‍ ഹ്രസ്വകാല വെടിനിര്‍ത്തലില്‍ ഇതില്‍ പകുതിയോളം പേരെ വിട്ടയച്ചിരുന്നു. അതിനിടെ, 24 മണിക്കൂറില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 62 പേര്‍ കൊല്ലപ്പെട്ടതോടെ ആകെ മരണം 46,707 ആയി. 1,10,265 പേര്‍ക്കു പരുക്കേറ്റു.