മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അടുത്തിടെ ആശുപത്രിയിൽ ചികിത്സയിലായത് ഏറെ ചർച്ചയായിരുന്നു. മൂത്രാശയത്തിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിലെത്തിയ കാംബ്ലിക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടായതായി വിശദപരിശോധനയിൽ കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് മുൻ താരം ആശുപത്രി വിട്ടത്. ആശുപത്രിയിലെ ചിത്രങ്ങളും ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ കാംബ്ലി വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സുഹൃത്തും സഹതാരവുമായിരുന്ന സച്ചിൻ തെണ്ടുൽക്കറുമായുള്ള കൂടിക്കാഴ്ചയും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഈ വീഡിയോ കണ്ടതിന് ശേഷം പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി സിന്ധു.കാംബ്ലിയുടെ വീഡിയോ കണ്ടപ്പോൾ വികാരഭരിതയായെന്നും ജീവിതത്തിൽ കരുതലോടെ പണം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും സിന്ധു എൻ.ഡി.ടി.വിയോട് പറഞ്ഞു. ഇത് ജീവിതത്തിൽ സംഭവിക്കുന്നതാണ്. വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളെ ശരിയായ വഴിയിലേക്ക് നയിക്കുന്ന ആളുകൾ കൂടെയുണ്ടാവേണ്ടതുണ്ടെന്നും സിന്ധു കൂട്ടിച്ചേർത്തു.

”ഭാവിയിലേക്ക് പ്രയോജനകരമാകുന്ന രീതിയിലായിരിക്കണം പണം നിക്ഷേപിക്കേണ്ടത്. നിങ്ങളുടെ പണം നിങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ധൂർത്തടിക്കരുത്.” – സിന്ധു കൂട്ടിച്ചേർത്തു.

നിങ്ങൾ ഒരു പ്രമുഖ കായികതാരമാകുമ്പോൾ നിങ്ങളെ പിന്തുണയ്ക്കുന്നവരിൽ നിന്ന് പണം ലഭിക്കും. വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. നികുതിയടച്ചില്ലെങ്കിൽ നിങ്ങൾ ബുദ്ധിമുട്ടിലാകും. എന്റെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് ഭർത്താവാണ്. ഇതുവരെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നിട്ടില്ലെന്നും സിന്ധു പറഞ്ഞു.