തെന്നിന്ത്യൻ സിനിമയോടൊപ്പംതന്നെ ബോളിവുഡിലും സാന്നിധ്യമറിയിച്ച നടിയാണ് സാമന്ത റൂത്ത്പ്രഭു. സിറ്റാഡെലിന്റെ ഇന്ത്യൻ പതിപ്പായ സിറ്റാഡെൽ ഹണിബണ്ണിയിൽ വരുൺ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകൻ രാജ് നിഥിമൊറുവും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ രാജിന്റെ ഓഡിയോ മെസ്സേജ് കേട്ട് സാമന്ത ലജ്ജാവതിയായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗലാട്ടെ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് പ്രിയപ്പെട്ട കൂട്ടുകാരെല്ലാം സാമന്തയ്ക്ക് മെസ്സേജ് അയച്ചത്. സാമന്തയ്ക്ക് ഹിന്ദിയിൽ പ്രാവീണ്യം കുറവായതിനാൽ ഈ കഥാപാത്രം ചെയ്യാനാകുമോ എന്ന സംശയമുണ്ടായിരുന്നെന്നും എന്നാൽ എല്ലാവരുടേയും ധാരണ തിരുത്തുന്ന പ്രകടനമാണ് അവർ പുറത്തെടുത്തതെന്നും സന്ദേശത്തിൽ രാജ് പറയുന്നു. വളരേയധികം കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അവരെന്നും അതിന് അഭിനന്ദനം അർഹിക്കുന്നുവെന്നും രാജ് പറയുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ട് ഒന്നും ചെയ്യാത്ത വ്യക്തിയെപ്പോലെയാണ് സാമന്ത പെരുമാറുകയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

2017-ലാണ് സാമന്തയും നടൻ നാഗ ചൈതന്യയും വിവാഹിതരായത്. എന്നാൽ 2021-ൽ ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം കഴിഞ്ഞ വർഷം നാഗചൈതന്യ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. 2024 ഡിസംബർ നാലിന് നാഗചൈതന്യയും നടി ശോഭിതയും വിവാഹിതരായി.