പനയംപാടം അപകടം ഉണ്ടാക്കിയ വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രായോഗികത മനസിലാക്കി റോഡിൻ്റെ അപാകത പരിഹരിക്കുമെന്നും മന്ത്രി അപകട സ്ഥലം സന്ദർശിച്ച് പറഞ്ഞു. ദേശീയപാത അതോറിറ്റിയോട് ഫണ്ട് ആവശ്യപ്പെടുമെന്നും കിട്ടിയില്ലെങ്കിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് തുക ചെലവാക്കുമെന്നും മന്ത്രി പറഞ്ഞു.
അപകട വളവ് നവീകരണത്തിനായി വൈകാതെ പരിഹാരം ഉറപ്പാക്കും. റോഡിൽ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കും, സുരക്ഷ ഉറപ്പാക്കാൻ എൻ എച്ച് എ ഐ അധികൃതരായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. മുണ്ടൂർ, തച്ചമ്പാറ മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പനയമ്പാടത്ത് തൻ്റെ ഔദ്യോഗിക വാഹനം ഓടിച്ചും ഗതാഗത മന്ത്രി പരിശോധന നടത്തി
റോഡിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റും. മരിച്ചകുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അതേസമയം, അപകടത്തിൽ പ്രതികളായ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവർക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.



