ഇംപീച്ച്മെന്റ് നടപടിയില്‍ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍. ഭരണകക്ഷിയിലെ നിയമനിര്‍മ്മാതാക്കള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെ തുടര്‍ന്നാണ് ഇംപീച്ച്മെന്റില്‍ നിന്ന് പ്രസിഡന്റ് തലനാരിഴയ്ക്ക് രക്ഷനേടിയത്. പ്രസിഡന്റിനെതിരെ പാര്‍ലമെന്റിന് പുറത്ത് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയായിരുന്നു സംഭവം.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ കഴിയില്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ലമെന്റിന് പുറത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് പേര് നിരാശയിലായി. പ്രതിപക്ഷ പാര്‍ട്ടികളായിരുന്നു ഇംപീച്ച്മെന്റ് പ്രമേയം മുന്നോട്ടുവച്ചത്. ഇത് പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. എന്നാല്‍ പ്രസിഡന്റ് യൂനിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടി (പിപിപി) വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ പ്രമേയം പരാജയപ്പെടുയായിരുന്നു.
വോട്ട് ചെയ്ത അംഗങ്ങളുടെ എണ്ണം പ്രമേയം പാസാകാനുള്ള ഭൂരിപക്ഷത്തിന് മതിയാകാതെ വന്നു. ഇതോടെ ഇംപീച്ച്മെന്റ് പ്രമേയം അസാധുവായെന്ന് നാഷണല്‍ അസംബ്ലി സ്പീക്കര്‍ വൂ വോണ്‍-ഷിക്ക് പ്രഖ്യാപിക്കുകയായിരുന്നു. രാജ്യവും ലോകവും ഉറ്റുനോക്കുകയാണ്, ഇത്രയും സുപ്രധാനമായ ദേശീയ വിഷയത്തില്‍ വോട്ടെടുപ്പ് കൃത്യമായി നടത്താന്‍ കഴിയാതെ പോയത് തീര്‍ത്തും ഖേദകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.
പെട്ടന്നൊരു സുപ്രഭാതത്തില്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിലൂടെയായിരുന്നു പ്രസിഡന്റിനെതിരെ പ്രതിഷേധം കടുത്തത്. രാഷ്ട്രീയ പ്രവര്‍ത്തനവും മാദ്ധ്യമപ്രവര്‍ത്തനും പൂര്‍ണമായും നിരോധിക്കുന്ന പട്ടാളനിയമം പ്രഖ്യാപിച്ചതോടെ സൈന്യം രംഗത്തിറങ്ങുകയും പാര്‍ലമെന്റിന്റെ പ്രവേശനകവാടം അടയ്ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.



