ഹിന്ദി സീരിയൽ ആരാധകരായ മലയാളികൾക്ക് സുപരിചിതനാണ് നടൻ അമിത് ഠണ്ഡൻ. ദിൽ മിൽ ഗയേ, കൈസാ യേ പ്യാർ ഹേ, യേ ഹേ മൊഹബത്തേൻ തുടങ്ങി പല ഹിറ്റ് സീരിയലുകളിലും അമിത് അഭിനയിച്ചിട്ടുണ്ട്. ഒരു പോഡ്കാസ്റ്റ് ഷോയിൽ തന്റെ വ്യക്തിജീവിതത്തേക്കുറിച്ച് അമിത് ഈയിടെ നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.

താൻ ഒന്നല്ല പലതവണ ഭാര്യയെ വഞ്ചിട്ടുണ്ട് എന്നാണ് അമിത് ഷോയിൽ തുറന്നുപറഞ്ഞത്. ഇത്തരം ബന്ധങ്ങൾ താനും ഭാര്യയും തമ്മിൽ അസ്വാരസ്യങ്ങൾക്ക് വഴിവെച്ചുവെന്നും അമിത് കൂട്ടിച്ചേർക്കുന്നു. സിദ്ധാർഥ് കണ്ണന്റെ പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുക്കവേ ആയിരുന്നു അമിത്തിന്റെ വെളിപ്പെടുത്തൽ. ത്വക്ക് രോഗ വിദഗ്ധയായ റൂബിയുമായി 2007-ലായിരുന്നു അമിത്തിന്റെ വിവാഹം. ജിനായ എന്നൊരു മകളും ഇവർക്കുണ്ട്. ബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും 2017-ൽ പിരിഞ്ഞുവെങ്കിലും 2019-ൽ വീണ്ടും ഒരുമിച്ചു. 

എപ്പോഴെങ്കിലും ഭാര്യയെ വഞ്ചിട്ടുണ്ടോ എന്നായിരുന്നു സിദ്ധാർഥ് കണ്ണന്റെ ചോദ്യം. ഇതിനുള്ള മറുപടിയിലാണ് വിവാഹബന്ധത്തിലിരിക്കെത്തന്നെ മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നെന്ന് അമിത് പറഞ്ഞത്. ഇക്കാര്യം അറിഞ്ഞപ്പോൾ ഭാര്യ തകർന്നുപോയെന്നും താരം കൂട്ടിച്ചേർത്തു.