- ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: ദിവസം ചെല്ലും തോറും കമല ഹാരിസിന്റെ ആശങ്കകള്‍ പെരുകുകയാണ്. ഒരു ഘട്ടത്തില്‍ മുന്നിട്ടു നിന്ന വൈസ് പ്രസിഡന്റ് ദിനംപ്രതിയെന്നോണം പിന്നോട്ടു പോകുന്ന കാഴ്ചയാണ് ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. എന്നാല്‍ ഇതിന് തടയിട്ടു കൊണ്ട് പുറത്തിറങ്ങിയ ഏറ്റവും പുതിയ എബിസി ന്യൂസ്/ഇപ്സോസ് വോട്ടെടുപ്പില്‍ കമല അല്‍പം മേധാവിത്വം നേടിയിട്ടുണ്ട്.
ദേശീയ വോട്ടര്‍മാരില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് നേരിയ ലീഡ് നേടാന്‍ കഴിഞ്ഞു. എന്നിരുന്നാലും, 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം കൃത്യമയാി പ്രവചിക്കാന്‍ പറ്റുന്ന ലീഡിലേക്ക് എത്താന്‍ അവര്‍ക്കു സാധിച്ചതുമില്ല.
എത്രത്തോളം പേര്‍ വോട്ടു ചെയ്യും എന്നതാണ് കമലയെ സംബന്ധിച്ചിടത്തോളം പ്രധാനം. വോട്ടിങ് ശതമാനം കൂടിയാല്‍ അവര്‍ ചിലപ്പോള്‍ കടന്നു കൂടിയേക്കും. കുറഞ്ഞാല്‍ ട്രംപ് അടിച്ചു കയറി പേകും. പുതിയ എബിസി ന്യൂസ്/ഇപ്സോസ് വോട്ടെടുപ്പ് പ്രകാരം, ഹാരിസും ഡൊണാള്‍ഡ് ട്രംപും രജിസ്റ്റര്‍ ചെയ്ത എല്ലാ വോട്ടര്‍മാരിലും (49-47%) 2 ശതമാനം പോയിന്റ് മുന്നിട്ടു നില്‍ക്കുകയാണ്. ഇത് സാധ്യതയുള്ള വോട്ടര്‍മാര്‍ക്കിടയില്‍ ഹാരിസിന് നേരിയ നേട്ടമുണ്ടാക്കുന്നു. ചില ഹാരിസ് അനുകൂല ഗ്രൂപ്പുകള്‍ വോട്ടുചെയ്യാന്‍ അല്‍പ്പം കൂടുതല്‍ പ്രവണത കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാന പ്രശ്‌നങ്ങള്‍ക്ക് ട്രംപോ ഹാരിസോ പരിഹാരം
കുടിയേറ്റം, സമ്പദ്വ്യവസ്ഥ, പണപ്പെരുപ്പം, മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടങ്ങിയ പ്രശ്നങ്ങള്‍ ട്രംപ് ഹാരിസിനേക്കാള്‍ നന്നായി കൈകാര്യം ചെയ്യുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതായി പുതിയ വോട്ടെടുപ്പ് വ്യക്തമാക്കുന്നു. അതേസമയം, മധ്യവര്‍ഗം, ഗര്‍ഭച്ഛിദ്രം, ആരോഗ്യ സംരക്ഷണം, ‘അമേരിക്കന്‍ ജനാധിപത്യം സംരക്ഷിക്കല്‍’ എന്നീ വിഷയങ്ങള്‍ ഹാരിസ് നന്നായി കൈകാര്യം ചെയ്യുമെന്ന് സര്‍വേയില്‍ പ്രതികരിച്ചവര്‍ പ്രതീക്ഷിക്കുന്നു.
ഇപ്സോസിന്റെ ഫീല്‍ഡ് വര്‍ക്കിനൊപ്പം ലാംഗര്‍ റിസര്‍ച്ച് അസോസിയേറ്റ്സ് എബിസിക്കായി തയ്യാറാക്കിയ വോട്ടെടുപ്പ്, സമ്പദ്വ്യവസ്ഥയ്ക്കും പണപ്പെരുപ്പത്തിനും വോട്ടര്‍മാര്‍ക്കിടയിലുള്ള പ്രാധാന്യം 7 പോയിന്റ് കുറഞ്ഞതായി പറയുന്നു. ഇത് ഹാരിസിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. ഈ വിഷയങ്ങളിലാണ് ട്രംപ് പൊതുവേ മേധാവിത്വം നേടുന്നത് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ കമലയ്ക്ക ആഹ്‌ളാദിക്കാന്‍ വക നല്‍കുന്നതാകും ഇത്.
സാമ്പത്തിക ആശങ്കകളില്‍ നിന്നുള്ള ഏത് മാറ്റവും ഹാരിസിനെ സഹായിക്കുന്നതാണ്. പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള വിശ്വാസക്കുറവും ബൈഡന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക പ്രകടനത്തിലെ അതൃപ്തിയും കണക്കിലെടുക്കുമ്പോള്‍ ഈ വിഷയം അരികിലേക്ക് മാറുന്നത് തന്നെയാണ് കമലയ്ക്കു ഗുണം. ഈ മാസത്തിന്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഹാരിസ് ഹിസ്പാനിക് ആളുകള്‍ക്കിടയില്‍ നേട്ടം വീണ്ടെടുക്കുകയും സബര്‍ബന്‍ സ്ത്രീകള്‍ക്കിടയില്‍ തന്റെ നേട്ടം വിശാലമാക്കുകയും ചെയ്തു.
അതേസമയം കറുത്തവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള പ്രധാന ഗ്രൂപ്പുകളില്‍ ശക്തമായി തുടരുന്നു. അതേസമയം, ട്രംപ് ഗ്രാമപ്രദേശങ്ങളിലും കോളേജ് ഇതര വെള്ളക്കാരുടെ ഇടയിലും പിന്നോട്ട് പോയി. ചെറുപ്പക്കാര്‍ക്കിടയില്‍ നേരിയ മുന്‍തൂക്കം ഉള്ളത് മാത്രമാണ് അദ്ദേഹത്തിന് ആശ്വാസമെന്നും എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.



