ആപ്പിളിന്റെ പുതിയ ഐഫോൺ 16 സീരീസിന് കമ്പനി പ്രതീക്ഷിച്ചത്ര ആവശ്യക്കാരില്ലെന്ന് ആപ്പിൾ അനലിസ്റ്റായ മിങ്-ചി കുവോ. ഐഫോൺ 16 സീരീസിന് വേണ്ടിയുള്ള ആദ്യ ആഴ്ചയിലെ പ്രീ ഓർഡർ വിൽപന ഐഫോൺ 15 സീരീസിനേക്കാൾ 12.7 ശതമാനം കുറവാണെന്ന് മീഡിയം എന്ന വെബ്സൈറ്റിൽ പങ്കുവെച്ച റിപ്പോർട്ടിൽ മിങ് ചി കുവോ പറയുന്നു. ഐഫോൺ 16 പ്രോ മോഡലുകളിലാണ് ഈ ഇടിവ് പ്രകടമായുള്ളത്.
ആദ്യ ആഴ്ചയിൽ ഐഫോൺ പ്രോ മാക്സിന് 1.71 കോടി മുൻകൂർ ഓർഡറുകളാണ് ലഭിച്ചത്. ഇത് ഐഫോൺ 15 പ്രോ മാക്സിനേക്കാൾ 16 ശതമാനം കുറവാണ്. സമാനമായി ഐഫോൺ 16 പ്രോയ്ക്ക് 98 ലക്ഷം ഓർഡറുകൾ ലഭിച്ചു. ഇത് മുൻഗാമിയേക്കാൾ 27 ശതമാനം കുറവാണ്.
ഇങ്ങനെയാണെങ്കിലും ഐഫോൺ 16 ബേസ് മോഡലുകൾക്ക് ആവശ്യക്കാരുണ്ട്. ഐഫോൺ 16 73 ലക്ഷം പേരും, ഐഫോൺ 16 പ്ലസ് 26 ലക്ഷം പേരും ഓർഡർ ചെയ്തു. ഇത് യഥാക്രമത്തിൽ കഴിഞ്ഞ വർഷത്തെ ഐഫോൺ 15, 15 പ്ലസ് മോഡലുകളേക്കാൾ 10 ശതമാനവും 48 ശതമാനവും കൂടുതലാണ്.
ഐഫോൺ 16 ബേസ് മോഡലുകളുടെ ഡിമാൻഡ് വർധിച്ചിട്ടും ഐഫോൺ 16 പ്രോ, പ്രോ മാക്സ് മോഡലുകളുടെ പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകടനം കാരണം ഐഫോൺ 16 സീരീസിന്റെ മൊത്തത്തിലുള്ള ഡിമാന്റിൽ മാന്ദ്യം നേരിടുന്നുണ്ട്.
ഐഫോൺ 16 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ, ഐഫോൺ 15 പ്രോ മോഡലുകളുടെ വിൽപന കമ്പനി അവസാനിപ്പിച്ചിരുന്നു. ഐഫോൺ 15 പ്രോ മോഡലുകൾ മുതലാണ് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ലഭിക്കുക. അവ പിൻവലിക്കപ്പെട്ടതോടെ, വിപണിയിൽ നിന്ന് വാങ്ങാനാവുന്ന ആപ്പിൾ ഇന്റലിജൻസോടു കൂടിയ ഫോണുകൾ ഐഫോൺ 16 സീരീസ് ആണ്.
ആപ്പിൾ ഇന്റലിജൻസിന്റെ വരവ് ഐഫോൺ 16 സീരീസ് ഫോണുകളുടെ ഡിമാന്റ് വർധിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. നിലവിൽ ആപ്പിൾ ഇന്റലിജൻസ് യുഎസിലെ ബീറ്റാ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. മാത്രവുമല്ല ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ആപ്പിൾ ഇന്റലിജൻസ് ലഭിക്കൂ. അടുത്തമാസമേ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഫോണുകളിൽ എത്തുകയുള്ളൂ.
ആപ്പിൾ ഇന്റലിജൻസിന്റെ അഭാവം ആയിരിക്കാം ആരംഭ ഘട്ടത്തിൽ ഐഫോൺ 16 സീരീസിന് തിരിച്ചടിയായത്. ബീറ്റാ പതിപ്പ് ഉപയോഗിക്കാനായി ഐഫോൺ 16 സീരീസിലേക്ക് മാറാനും ഉപഭോക്താക്കൾ മടിക്കുന്നുണ്ടാവാം.
അതേസമയം, ചൈനയിൽ ആപ്പിളിനെതിരെ ശക്തമായ മത്സരമാണ് പ്രാദേശിക ബ്രാന്റുകൾ നടത്തുന്നത്. വാവേയുടെ ട്രൈഫോൾഡ് സ്മാർട്ഫോണിന് ഐഫോൺ 16 നെ വെല്ലുവിളിക്കുന്ന സ്വീകാര്യതയാണ് ചൈനയിൽ ലഭിക്കുന്നത്. സ്മാർട്ഫോൺ വിപണി ഇത്രയേറെ മുന്നേറിയിട്ടും. ഐഫോണുകൾ ആധുനിക ഫീച്ചറുകളുടെ കാര്യത്തിൽ വർഷങ്ങൾ പിന്നിലാണ് സഞ്ചരിക്കുന്നതെന്ന വിമർശനവും നേരിടുന്നുണ്ട്.



