മോസ്കോ: ഉക്രെയിനുമായുള്ള യുദ്ധത്തില്‍ 66,000 ലധികം റഷ്യന്‍ സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വതന്ത്ര റഷ്യന്‍ മാധ്യമമായ മീഡിയസോണയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിബിസി റഷ്യന്‍ സര്‍വീസുമായി ചേര്‍ന്നാണ് യുദ്ധത്തില്‍ മരണപ്പെട്ട സൈനികരുടെ പട്ടിക മീഡിയസോണ തയ്യാറാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍, കൊല്ലപ്പെട്ട 50,000 റഷ്യക്കാരുടെ പേരുകള്‍ ലഭിച്ചതായും അവര്‍ അറിയിച്ചിരുന്നു.
ഓഗസ്ത് 30 വരെ, യുദ്ധത്തില്‍ കൊല്ലപ്പെട്ട 66,471 റഷ്യന്‍ സൈനികരുടെ പേരുകള്‍ തങ്ങള്‍ക്കറിയാമെന്ന് മീഡിയസോണയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ 4600ലധികം പേരാണ് മരണപ്പെട്ടത്. എന്നാല്‍ പല സൈനികരുടെയും മരണങ്ങള് പരസ്യമാക്കാത്തതിനാല്‍ ഇത് കൃത്യമായ കണക്കല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കുര്‍സ്ക് മേഖലയിലെ ഉക്രെയ്നിന്റെ ആക്രമണവുമായി പുതിയ മരണസംഖ്യകള്‍ക്ക് ബന്ധമില്ലെന്ന് മീഡിയസോണയിലെ പത്രപ്രവര്‍ത്തക അനസ്താസിയ അലക്സെയേവ പറഞ്ഞു. നിര്‍ബന്ധിത സൈനികസേവനത്തില്‍ ഏര്‍പ്പെട്ട 172 സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് കണ്ടെത്തി. ഇതില്‍ ഏറ്റവും ഉയര്‍ന്ന കണക്കുകള്‍ ആദ്യ മാസങ്ങളിലാണ്. എന്നാല്‍ ഇവര്‍ക്ക് പ്രൊഫഷണല്‍ സൈനിക കരാറുകളില്‍ ഒപ്പിടാമെന്നതിനാല്‍ ഈ കണക്കുകള്‍ കൃത്യമല്ലെന്ന് മീഡിയസോണ എഡിറ്റര്‍ വ്യക്തമാക്കി.
യുക്രെയ്നില്‍ ഏകദേശം 700,000 റഷ്യന്‍ സൈനികര്‍ യുദ്ധം ചെയ്യുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ജൂണില്‍ പറഞ്ഞിരുന്നു. യുദ്ധത്തിന്റെ ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ 31,000 യുക്രൈനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഫെബ്രുവരിയില്‍ യുക്രൈനിയന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയും പറഞ്ഞിരുന്നു.



