മോസ്‌കോ: 22 ആളുകളുമായി സഞ്ചരിച്ച റഷ്യന്‍ ഹെലികോപ്റ്റര്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. മൂന്ന് ജീവനക്കാരെയും 19 യാത്രക്കാരെയും വഹിച്ചുകൊണ്ട് സഞ്ചരിക്കുകയായിരുന്ന എംഐ-8ടി ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടെന്ന് സംശയിക്കപ്പെടുന്നത്. റഷ്യയുടെ കിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രമായ കാംചത്കയിലാണ് ഹെലികോപ്റ്റര്‍ കാണാതായത്. 

വച്ച്കസെറ്റ്സ് അഗ്‌നിപര്‍വ്വതത്തിന് സമീപമുള്ള ഒരു ബേസില്‍ നിന്നാണ് ചോപ്പര്‍ യാത്ര പുറപ്പെട്ടത്. എന്നാല്‍ പ്രാദേശിക സംയം 04:00 മണിയോടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

1960-കളില്‍ രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്ററായ എംഐ-8 റഷ്യയിലും അയല്‍രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നേരത്തെ ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റര്‍ കാംചത്കയില്‍ തകര്‍ന്നിരുന്നു.

വിത്യാസ്-എയ്റോ കമ്പനിയുടെ ഹെലികോപ്റ്റര്‍ കംചത്ക ഉപദ്വീപിന്റെ തെക്ക് ഭാഗത്തുള്ള തടാകത്തിന് സമീപമാണ് 13 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി തകര്‍ന്നു വീണത്. മോസ്‌കോയില്‍ നിന്നും സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുമുള്ള വിനോദസഞ്ചാരികളാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.