കാൻബറ: കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങുന്നു. അടുത്ത വർഷം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 2.7 ലക്ഷം വിദ്യാർത്ഥികൾക്ക് മാത്രമേ വിസ അനുവദിക്കൂവെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. കുടിയേറ്റം കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.

വരുന്ന ഫെബ്രുവരി ബാച്ചിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഈ നീക്കം ബാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് രാജ്യത്ത് നിന്നുള്ള 1.22 ലക്ഷം വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ പഠിക്കുന്നുണ്ട്. കാനഡയും യുഎസും യുകെയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുകയും പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വിദേശ രാജ്യമാണ് ഓസ്‌ട്രേലിയ.

ഇവരിൽ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഓസ്‌ട്രേലിയ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുകയാണ്. 2022 ജൂണിൽ 5.10 ലക്ഷം വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു. 2023ൽ ഇത് 3.75 ലക്ഷമായി കുറഞ്ഞു. 

2025 ല്‍ അനുവദിക്കുന്ന 2.7 ലക്ഷം വിസകള്‍ യൂണിവേഴ്സിറ്റികള്‍ക്ക് രാജ്യങ്ങളും സംസ്ഥാനങ്ങളും തിരിച്ച്‌ നല്‍കാമെന്ന് ഓസ്ട്രേലിയയിലെ മൈഗ്രേഷൻ ഏജൻ്റ്സ് രജിസ്ട്രേഷൻ അതോറിറ്റി അംഗം സുനില്‍ ജഗ്ഗി പറഞ്ഞു. കുടിയേറ്റം കുറക്കുന്നതിനായി വിദേശ വിദ്യാർഥികള്‍ക്കുള്ള വിസ ഫീസും വർദ്ധിപ്പിച്ചിട്ടുണ്ട്.

ജനസംഖ്യാ വളർച്ചയും തൊഴിലില്ലായ്മയും കാരണം കാനഡയും മറ്റ് രാജ്യങ്ങളും വിദ്യാർത്ഥികളുടെയും താൽക്കാലിക തൊഴിലാളികളുടെയും എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യക്കാരെ വലിയ തോതിൽ ബാധിക്കുന്ന നയം സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.