സ്വതന്ത്ര വോട്ടർമാർക്കിടയിൽ മുൻ പ്രസിഡൻ്റ് ട്രംപ് വൈസ് പ്രസിഡൻ്റ് കമല ഹാരിസിക്കാളും മുന്നിലെന്ന് പുതിയ സർവേ. 42 ശതമാനം സ്വതന്ത്ര വോട്ടർമാർ ഈ നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യാൻ പദ്ധതിയിടുന്നതായി ആണ് ഈ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. 37 ശതമാനം പേർ ആണ് ഹാരിസിന് വേണ്ടി വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത് എന്നും യുഗോവ് ബുധനാഴ്ച പുറത്തിറക്കിയ സർവേ കണ്ടെത്തി.
അതേസമയം ആർക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പില്ലെന്ന് 13 ശതമാനം സ്വതന്ത്ര വോട്ടർമാർ പറയുന്നു. കമല ഹാരിസീനും ട്രംപിനും അവരവരുടെ പാർട്ടികളിൽ നിന്ന് എല്ലാ പിന്തുണയും ലഭിച്ചു. 95 ശതമാനം ഡെമോക്രാറ്റുകളും ഹാരിസിന് വോട്ട് ചെയ്യുമെന്നും 91 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാരും ട്രംപിന് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും പറഞ്ഞു.
53 ശതമാനം സ്വതന്ത്ര വോട്ടർമാരും ഹാരിസിന് വോട്ട് ചെയ്യുന്നത് പരിഗണിക്കില്ലെന്ന് പറഞ്ഞപ്പോൾ 47 ശതമാനം പേരും അവർക്കായി വോട്ട് ചെയ്യുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
സ്വതന്ത്ര വോട്ടർമാരിൽ 55 ശതമാനം പേർ ട്രംപിന് വോട്ട് ചെയ്യുന്നത് പരിഗണിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 45 ശതമാനം പേർ അദ്ദേഹത്തിന് വോട്ട് ചെയ്യുന്നത് പരിഗണിക്കില്ലെന്ന് പ്രതികരിച്ചു.
അതേസമയം മറ്റ് പോളിംഗുകളിൽ ഹാരിസിന് മുൻതൂക്കം ലഭിച്ച സാഹചര്യത്തിലാണ് പുതിയ സർവേ പുറത്തു വന്നിരിക്കുന്നത്. തൻ്റെ പ്രചാരണം പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷം, ഹാരിസ് നിരവധി പ്രധാന സംസ്ഥാനങ്ങളിൽ ആണ് ട്രംപിൻ്റെ ലീഡ് വെട്ടിക്കുറച്ചത്.
കഴിഞ്ഞയാഴ്ച സ്വതന്ത്ര സ്ഥാനാർത്ഥി റോബർട്ട് എഫ് കെന്നഡി ജൂനിയർ തൻ്റെ പ്രചാരണം നിർത്തിവച്ച് ട്രംപിനെ അനുകൂലിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ നടന്നത് എന്നും ശ്രദ്ധേയമാണ്.
1,555 പേരുടെ ഇടയിൽ ഓഗസ്റ്റ് 25 മുതൽ 27 വരെ നടത്തിയ യൂഗോ സർവേയിൽ 3.2 ശതമാനം പിഴവുണ്ട് എന്നാണ് കണക്കാക്കുന്നത്.



