മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ കാർ പാർക്കിങ് ഫീസ് ഒറ്റയടിക്ക് നാലിരട്ടിയായി വർധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും.

ഏഴ് സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യ അരമണിക്കൂർ പാർക്കിംഗ് ഫീസ് 20 രൂപയിൽ നിന്ന് 50 രൂപയാക്കി. ഏഴ് സീറ്റിന് മുകളിലുള്ള എസ്‌യുവികൾക്കും മിനി ബസുകൾക്കും നിരക്ക് 20 ൽ നിന്ന് 80 രൂപയായി വർധിപ്പിച്ചു. 

അരമണിക്കൂർ കഴിഞ്ഞാല്‍ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ വർധിക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് പത്തുരൂപയും അരമണിക്കൂർ കഴിഞ്ഞാല്‍ 15 രൂപയുമാണ് ഫീസ്. 

വിമാനത്താവളത്തില്‍ വാഹനം പാർക്ക് ചെയ്യാതെ പുറത്ത് കടക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആക്കി ഉയർത്തിട്ടുണ്ട്.

അതോറിറ്റിയുടെ അംഗീകാരമുള്ള ടാക്സി വാഹനങ്ങള്‍ക്ക് നേരത്തെ സൗജന്യമായിരുന്നു. ഇപ്പോള്‍ 20 രൂപയാക്കി. അംഗീകാരമില്ലാത്ത വാഹനങ്ങള്‍ 40 രൂപ നല്‍കേണ്ടതിനു പകരം 226 രൂപ നല്‍കണം . പാർക്കിങ് ഏരിയയില്‍ പോകാതെ യാത്രക്കാരനെ ടെർമിനലിനു മുൻപില്‍ ഇറക്കുകയോ കയറ്റുകയോ ചെയ്ത് പുറത്തേക്കു പോയാല്‍ 283 രൂപയാണു നല്‍കേണ്ടത്.