രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികളിൽ നാലിൽ ഒരാൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) റിപ്പോർട്ട്.

പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത ആത്മഹത്യാ ചിന്തയിലാണെന്നും പറയുന്ന റിപ്പോർട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ 25,590 എംബിബിഎസ് വിദ്യാർഥികൾ, 5337 പിജി ഡോക്ടർമാർ, 7035 അധ്യാപകർ എന്നിവർക്കിടയിൽ നടത്തിയ ഓൺലൈൻ സർവേയിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.

ഈ വർഷം ഏപ്രിൽ 26 മുതൽ മെയ് 6 വരെയാണ് സർവേ നടത്തിയത്. മാനസികാരോഗ്യ നിലവാരം നിർണയിക്കാൻ ഉതകുന്ന ചോദ്യങ്ങള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

എംബിബിഎസ് വിദ്യാര്‍ഥികളില്‍ 27.8 ശതമാനവും, പിജിക്കാരില്‍ 15.3 ശതമാനം പേരും മാനസിക ആരോഗ്യ സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് സര്‍വെയില്‍ സ്വമേധയാ വെളിപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളില്‍ 16.2 ശതമാനം പേരും പിജി വിദ്യാര്‍ത്ഥികളില്‍ 31.2 ശതമാനം പേരും ആത്മഹത്യാ പ്രവണത ഉള്ളതായും തുറന്ന് പറഞ്ഞിട്ടുണ്ട്.

ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റ്ല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (NIMHANS) സൈക്യാട്രി പ്രൊഫസര്‍ സുരേഷ് ബഡാമതിൻ്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് സര്‍വേ റിപ്പോര്‍ട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന് സമര്‍പ്പിച്ചത്.