ന്യൂയോര്‍ക്ക്: കാമ്പസിലേക്കും ക്ലാസുകളിലേക്കും പ്രവേശിക്കുന്നതില്‍ നിന്ന് ജൂത വിദ്യാര്‍ത്ഥികളെ തടയാന്‍ പാലസ്തീന് അനുകൂല പ്രക്ഷോഭകരെ അനുവദിക്കാന്‍ ലോസ് ആഞ്ചലസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്ക് കഴിയില്ലെന്ന സുപ്രധാന വിധിയുമായി ഫെഡറല്‍ ജഡ്ജി. ഈ വര്‍ഷാദ്യം നൂറുകണക്കിന് കാമ്പസുകളില്‍ പൊട്ടിപ്പുറപ്പെട്ട ഇസ്രായേല്‍-ഗാസ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനങ്ങളുമായി ബന്ധപ്പെട്ട ഒരു യുഎസ് സര്‍വ്വകലാശാലയ്ക്കെതിരായ ആദ്യ വിധിയാണ് യുഎസ് ജില്ലാ ജഡ്ജി മാര്‍ക്ക് സ്കാര്സിയുടെ ഉത്തരവ്.
പാലസ്തീന് അനുകൂല പ്രതിഷേധക്കാര്‍ തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കാമ്പസില്‍ നിന്ന് തങ്ങളെ തടഞ്ഞുവെന്ന് ആരോപിച്ച് മൂന്ന് ജൂത വിദ്യാര്‍ത്ഥികള്‍ ജൂണില്‍ ഫയല്‍ ചെയ്ത കേസിന്റെ ഭാഗമായാണ് ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധി.
‘2024ല്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍, കാലിഫോര്‍ണിയ സംസ്ഥാനത്തില്‍, ലോസ് ഏഞ്ചല്‍സ് നഗരത്തില്‍, ജൂത വിദ്യാര്‍ത്ഥികളെ UCLA കാമ്പസിന്റെ ഭാഗങ്ങളില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. കാരണം അവര്‍ അവരുടെ വിശ്വാസത്തെ അപലപിക്കാന്‍ വിസമ്മതിച്ചു. ഇത് സങ്കല്‍പ്പിക്കാനാവാത്തതും വിദ്വേഷം ജനിപ്പിക്കുന്നതുമാണ്.’ സ്കാര്‍സി വിധിയില്‍ എഴുതി.



