വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വിഭാഗത്തിന് നേരേ സൈബര്‍ ആക്രമണമെന്ന് ആരോപണം. ഇ-മെയിലുകളും സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടെന്നും പിന്നില്‍ ഇറാന്‍ ആണെന്നുമാണ് പ്രചാരണ വിഭാഗം ആരോപിക്കുന്നത്.

2024 യു.എസ് തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്ന് മൈക്രോസോഫ്റ്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണിത്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം പ്രചാരണ വിഭാഗത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്യാന്‍ ജൂണില്‍ ശ്രമം നടത്തിയിരുന്നുവെന്ന് പ്രചാരകര്‍ പറയുന്നു.