കൊല്ലം: വിരമിച്ച ബി.എസ്.എൻ.എൽ. ജീവനക്കാരൻ പാപ്പച്ചനെ കൊലപ്പെടുത്താൻ പ്രതികളായ സരിതയും അനിമോനും അടക്കമുള്ളവർ നടത്തിയത് ‘മികച്ച’ ആസൂത്രണം. കുടുംബാംഗങ്ങളോട് പാപ്പച്ചൻ പുലർത്തിയിരുന്ന അകലം അദ്ദേഹത്തോട് അടുക്കാനുള്ള അവസരമാക്കിയാണ് സരിത തട്ടിപ്പുകളും കൊലപാതകശ്രമങ്ങളും നടത്തിയത്.

ആശ്രാമം മൈതാനത്തും പരിസരത്തുമെല്ലാം സൈക്കിളിൽ സ്ഥിരമായി പാപ്പച്ചൻ സഞ്ചരിക്കാറുണ്ടെന്നു മനസ്സിലാക്കിയായിരുന്നു പ്രതികളുടെ നീക്കങ്ങൾ. പാപ്പച്ചൻ വീട്ടിൽനിന്നു പുറത്തിറങ്ങുന്ന സമയംനോക്കി അദ്ദേഹത്തെ അപായപ്പെടുത്താനായിരുന്നു തീരുമാനം. ശങ്കേഴ്സ് ആശുപത്രി പരിസരം, കടപ്പാക്കട ഭാഗം എന്നിവിടങ്ങളിലെല്ലാംവെച്ച് സൈക്കിളിൽ മാഹീന്റെ ഓട്ടോയിടിപ്പിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ ശ്രമം വിജയിക്കില്ലെന്ന് ഉറപ്പായതോടെയാണ് അനിമോനുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്കെടുത്തത്. കനത്ത മഴമൂലം വീടിനു പുറത്തിറങ്ങാതിരുന്ന പാപ്പച്ചനെ പുറത്തിറക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.

വിശ്വാസം മുതലെടുത്തു, തട്ടിയെടുത്തത് 70 ലക്ഷത്തോളം


ലക്ഷങ്ങൾ കൈയിലുണ്ടെങ്കിലും ലളിതജീവിതമാണ് പാപ്പച്ചൻ നയിച്ചിരുന്നത്. മിക്കപ്പോഴും നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാൻ ആശ്രാമം കൈരളി നഗറിലെ വീട്ടിൽനിന്ന് ഓലയിലെ ധനകാര്യസ്ഥാപനത്തിൽ എത്തിയിരുന്നു. അപ്പോഴെല്ലാം ഉയർന്ന പലിശ വാഗ്ദാനംചെയ്ത് കൂടുതൽ പണം സ്ഥാപനത്തിൽ നിക്ഷേപിക്കാൻ സരിത അദ്ദേഹത്തെ നിർബന്ധിച്ചിരുന്നു. അദ്ദേഹത്തിൽനിന്ന് ചെക്കുകളും വാങ്ങി. ഈ ചെക്ക് ഉപയോഗിച്ച് ധനകാര്യസ്ഥാപനത്തിൽ ഇട്ടിരുന്ന 36 ലക്ഷം രൂപയിൽനിന്ന് ആറുലക്ഷം രൂപ സരിത വായ്പയായി എടുത്തു. പിന്നീട് അഞ്ചുലക്ഷവും പിൻവലിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ ഉണ്ടായിരുന്ന 14 ലക്ഷം രൂപയും പിൻവലിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉണ്ടായിരുന്ന 26 ലക്ഷവും കൈക്കലാക്കി. പാപ്പച്ചന്റെ അക്കൗണ്ടുകളിൽനിന്ന് പിൻവലിക്കപ്പെട്ട തുകകൾ 70 ലക്ഷത്തോളം വരുമെന്നാണ് പോലീസിന്റെ കണക്ക്.