ലോകത്തെ തന്നെ നടുക്കിയ വാർത്തയോടെയായിരുന്നു ബുധനാഴ്ച നേരം പുലർന്നത്. പുലർച്ചെ കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്ത വാർത്ത ഒരു നടുക്കത്തോടെയാണ് ലോകം കേട്ടത്. തീപിടിത്തത്തിൽ മരിച്ചവരിൽ ഏറെ പേരും ഇന്ത്യക്കാർ, ഇതിൽ ഭൂരിപക്ഷവും മലയാളികൾ ആയിരുന്നുവെന്നത് കേരളത്തെ കൂടുതൽ ഞെട്ടിച്ചു. പുലർ‌ച്ചെ നാലുമണിയ്ക്കാണ് പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം ഉണ്ടായത്. ആറു നില കെട്ടിടത്തിലെ താഴെ നിലയിൽ നിന്നുണ്ടായ തീപിടിത്തം പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടർന്ന് 20ഓളം ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. തങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നുവെന്നറിയാതെ ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ ഉറക്കത്തിലായിരുന്ന സമയത്താണ് വൻ ദുരന്തമുണ്ടായത്. അപകടത്തിൽ 49 പേരാണ് മരിച്ചത്. അതിൽ 21 പേര് ഇന്ത്യക്കാരായിരുന്നു. മലയാളികളും തമിഴരുമായ ഇന്ത്യൻ പ്രവാസികളും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇതിൽ 11 മലയാളികളെയാണ് ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അധികൃതർ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതിൽ ഒമ്പത് പേരുടെ വിവരങ്ങൾ പുറത്തുവിട്ടു. കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം സാബു കമ്പനിയിലെ എഞ്ചിനീയറാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായർ, വാഴമുട്ടം സ്വദേശി പി വി മുരളീധരന്‍, കൊല്ലം ഓയൂര്‍ സ്വദേശി ഷെമീര്‍, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്, തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കൊല്ലം വെള്ളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജ്, പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി സാജു വർഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി എൻബിടിസി ഗ്രൂപ്പിലെ പ്രൊഡക്ഷൻ എഞ്ചിനീയറാണ്. രഞ്ജിത്ത് പത്ത് വർഷമായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. 22 വർഷമായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്നു സാജു വർഗീസ്. ഇവരെ കൂടാതെ ഫിലിപിനോ രണ്ട് പേർ, പാകിസ്താൻ ഒരാൾ, ഈജിപ്ഷ്യൻ ഒരാൾ എന്നിങ്ങനെയാണ് വിവരങ്ങൾ. 16 പേരെ തിരിച്ചറിയാനുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച കൊണ്ട് 196 പേരെയാണ് കെട്ടിടത്തില്‍ താമസിപ്പിച്ചിരുന്നത്. എൻബിടിസി എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നു മുഴുവൻ പേരും. ബാച്ചിലേഴ്സ് ക്യാമ്പായിരുന്നു അത്. മലയാളികളും തമിഴ് സ്വദേശികളും ഫിലിപേനികളും നേപ്പാളികളും ഉൾപ്പെടെയുള്ളവർ ഇവിടെ താമസിക്കുന്നുണ്ടായിരുന്നു.