• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയിലാണ് ഓരോ അമേരിക്കക്കാരും. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡന്‍ ഒരിക്കല്‍ കൂടി രംഗത്തിറങ്ങുമ്പോള്‍ റിപ്പബ്ലിക്കന്‍മാരെ പ്രതിനിധീകരിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടുമൊരു അംഗത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് മുന്‍ ഇലക്ഷന്റെ തനിയാവര്‍ത്തനമായി 2024 ലെ തിരഞ്ഞെടുപ്പും മാറുമെന്ന് സാരം.

ഇപ്പോഴിതാ ഈ റീറണ്ണില്‍ ആരാകും ജേതാവാകുക എന്ന ഫലം പുറത്തുവന്നിരിക്കുകയാണ്. 538 ന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം ഇരുവരും ജീവന്‍മരണ പോരാട്ടത്തിലാണ്. നിര്‍ണായക സ്വിങ് സ്‌റ്റേറ്റുകളിലാകട്ടെ ഒരുപൊടിക്ക് ട്രംപ് മുന്നിലുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദേശീയ തെരഞ്ഞെടുപ്പുകളില്‍ സമനിലയിലാണെന്നും പ്രധാന സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപിന് നേരിയ ലീഡുണ്ടെന്നുമാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

ഏപ്രില്‍ 25 ന് പുറത്തുവിട്ട സര്‍വേ പ്രകാരം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 40.9 ശതമാനം വോട്ടര്‍മാര്‍ ബൈഡനെ പിന്തുണയ്ക്കുമെന്നും 41.6 ശതമാനം ട്രംപിനെ പിന്തുണയ്ക്കുമെന്നുമാണ് പറയുന്നത്. കണക്കുകള്‍ കാണിക്കുന്നത് ബൈഡന്റെ പിന്തുണ 39.4 മുതല്‍ 42.2 ശതമാനം വരെയാണ്. അതേസമയം ട്രംപിന്റെ പരിധി 40.3 മുതല്‍ 42.8 ശതമാനം വരെയാണ്.

ഈ മാര്‍ജിന്‍ കണക്കിലെടുക്കുമ്പോള്‍ രണ്ടു പേര്‍ക്കും ഒരു പോലെ തന്നെ വിജയസാധ്യത ഉണ്ടെന്ന് വ്യക്തമാവുകയാണ്. ഇലക്ടറല്‍ കോളേജില്‍ വിജയിക്കാന്‍ ബൈഡന് അനായാസം കഴിയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും മിക്ക സ്വിംഗ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിട്ട് നില്‍ക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

യുഎസ് സമ്പദ്‌വ്യവസ്ഥയുടെ പാതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമില്ലായ്മയാണ് ബൈഡന് തിരിച്ചടിയാകുന്നത്. ഇത് വോട്ടര്‍മാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഏറെക്കുറേ തകര്‍ന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. പ്രധാന സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡന്റെ സമീപകാല പോളിംഗ് ബമ്പ് മിക്കവാറും ബാഷ്പീകരിക്കപ്പെട്ടതിനും കാരണം ഇതാണ്.

ഏപ്രിലിലെ ബ്ലൂംബെര്‍ഗ് ന്യൂസ്/മോര്‍ണിംഗ് കണ്‍സള്‍ട്ട് പോള്‍ പ്രകാരം ഡൊണാള്‍ഡ് ട്രംപുമായുള്ള മത്സരത്തിന്റെ ഫലം നിര്‍ണ്ണയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബൈഡന്‍ മുന്നിലുള്ളത്. മിഷിഗണില്‍ പ്രസിഡന്റ് 2 ശതമാനം പോയിന്റുമായി മുന്നിട്ട് നിര്‍ത്തുന്നു.

പെന്‍സില്‍വാനിയയിലും വിസ്‌കോണ്‍സിനിലും ബൈഡന്‍ GOP നോമിനിക്ക് പിന്നിലാണ്. ജോര്‍ജിയ, അരിസോണ, നെവാഡ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലെ അദ്ദേഹം എതിരാളിയേക്കാള്‍ ഏറെ പിന്നിലാണ്. നിലവിലെ അവസ്ഥയില്‍ ബൈഡനെ ട്രംപ് മലര്‍ത്തിയടിക്കുമെന്ന് തന്നെയാണ് ഭൂരിഭാഗം അമേരിക്കക്കാരും വിശ്വിസിക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്.