ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം ഇറാന് ഭരണകൂടമാണെന്ന് പാശ്ചാത്യമാധ്യമങ്ങള്‍. ഇസ്രായേലും സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളും തമ്മില്‍ അടുത്ത കാലത്ത് ഉരുത്തിരഞ്ഞ് വന്ന സുഹൃത് ബന്ധത്തെ തകര്‍ക്കുക എന്ന ഉദ്ദേശമാണ് ഇറാന്റെ നീക്കത്തില്‍ പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. സൗദി- ഇസ്രായേല്‍ ബന്ധത്തില്എതിര്പ്പുള്ള സൗദി അറേബ്യയിലെ തീവ്ര ഇസ്ളാമിസ്റ്റ് ഗ്രൂപ്പുകളുടെ പിന്തുണയും ഈ ആക്രമണത്തിന് കിട്ടി. ശരിക്കും ഹമാസല്ല ഇറാന് തന്നെയാണ് തങ്ങളെ ആക്രമിച്ചതെന്ന വിലയിരുത്തലിലാണ് ഇസ്രായേല്‍. ഇറാനിലെ ഇസ്ളാമിക ഭരണകൂടത്തിന്റെ ചാവേറുകള്മാത്രമാണ് ഹമാസ് എന്നാണ് ഇസ്രായേല്‍ പറയുന്നത്.
ഇറാന്റെ എക്കാലത്തെയും വലിയ ശത്രുവാണ് സൗദി അറേബ്യ. സൗദിയും ഇസ്രായേലും തമ്മില്‍ അടുത്ത കാലത്ത് വികസിച്ചുവന്ന വ്യാപാര- ആരോഗ്യ- സൈനിക മേഖലകളിലുള്ള സഹകരണം ഇറാനെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയായിരുന്നു. ഈ സഹകരണം വികസിച്ചുവന്നതോടെ സൗദി അറേബ്യ ഹമാസിനുള്ള പിന്തുണ പതിയെ പതിയെ പിന്‍വലിക്കുകയായിരുന്നു. ഇത് ആ സംഘടനയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറി.
ഇതോടെയാണ് ഇറാന് കളം പിടിച്ചത്. ഹമാസിന് പണവും ആയുധങ്ങളും നല്കാന് ഇറാന് തെയ്യാറായി. സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള പാലസ്തീനിനോടു ഷിയാ ഭരണകൂടം നിലനില്‍ക്കുന്ന ഇറാന് വലിയ താല്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സൗദി അറേബ്യ ഹമാസിനെ കയ്യൊഴിഞ്ഞതോടെ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാടിലൂന്നി ഇറാന് ഹമാസിനെ കയ്യയച്ച് സഹായിക്കുകയായിരുന്നു.



