രാജ്യത്ത് 2,000 രൂപ കറൻസി നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി അടുത്തുവരികയാണ്. ഈ ഉയർന്ന മൂല്യമുള്ള നോട്ടുകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30നാണ് അവസാനിക്കുക. ‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗമായി മെയ് മാസത്തിൽ 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു.

സമയപരിധിക്ക് ശേഷം 2000 രൂപ നോട്ടുകളുടെ നിയമസാധുത അവസാനിപ്പിക്കുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും, എത്രയും വേഗം ഈ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാനാണ് സെൻട്രൽ ബാങ്ക് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അപ്പോൾ, സെപ്റ്റംബർ 30ന് ശേഷം എന്ത് സംഭവിക്കും? എന്നതാണ് ഉയരുന്ന ചോദ്യം.

പിൻവലിക്കൽ പ്രഖ്യാപിക്കുമ്പോൾ, 2,000 രൂപ നോട്ടുകളുടെ ഭാവി നില നിർണ്ണയിക്കുന്നത് ബാങ്കുകളിൽ തിരിച്ചെത്തിയ/നിക്ഷേപിച്ച തുകയുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്ന് ആർബിഐ സൂചിപ്പിച്ചിരുന്നു. സെപ്റ്റംബർ 1ന് പുറത്തുവിട്ട കണക്കനുസരിച്ച്, “2023 ഓഗസ്‌റ്റ് 31 വരെ പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണ്.”

കൂടാതെ, 2023 ഓഗസ്‌റ്റ് 31 വരെ 0.24 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ മാത്രമേ പ്രചാരത്തിലുള്ളൂവെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 93 ശതമാനവും എക്‌സ്‌ചേഞ്ച് വഴിയോ അക്കൗണ്ട് ഡെപ്പോസിറ്റ് വഴിയോ ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.