പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് സിംഗ് ബാദലിനെതിരെ പഞ്ചാബ് വിജിലൻസ് ബ്യൂറോ ലുക്കൗട്ട് നോട്ടീസ് (എൽഒസി) പുറപ്പെടുവിച്ചു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ബാദൽ രാജ്യം വിടാനുള്ള സാധ്യതകണക്കിലെടുത്താണ് എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയത്.
ബത്തിൻഡ സ്വത്ത് കേസിൽ ബാദലിനും മറ്റ് അഞ്ച് പേർക്കുമെതിരെ വിജിലൻസ് അധികൃതർ കേസെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് ഈ നടപടി.
എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ബാദലിനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വസതിയിലും പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം കേസിൽ ബാദൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
നിലവിൽ ബിജെപി നേതാവായ ബാദലിനെ കൂടാതെ, ബതിന്ഡ ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) മുൻ ചീഫ് അഡ്മിനിസ്ട്രേറ്റർ ബിക്രംജിത് ഷെർഗില്ലിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. രാജീവ് കുമാർ, അമൻദീപ് സിംഗ്, വികാസ് അറോറ, പങ്കജ് എന്നിവരാണ് കേസിലെ മറ്റ് നാല് പ്രതികളെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബത്തിൻഡയിലെ സ്ഥലത്ത് വസ്തു വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുൻ എംഎൽഎ സരുപ് ചന്ദ് സിംഗ്ല 2021ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചത്.
മുൻ കോൺഗ്രസ് ഭരണകാലത്ത് മന്ത്രിയായിരുന്ന ബാദൽ തന്റെ പദവി ദുരുപയോഗം ചെയ്ത്, രണ്ട് വാണിജ്യ പ്ലോട്ട് പാർപ്പിട പ്ലോട്ടാക്കി മാറ്റി സ്വന്തം പേരിലാക്കിയെന്ന് ശിരോമണി അകാലിദളിനൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് സിംഗ്ല ആരോപിച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന), 468 (വ്യാജരേഖ) എന്നിവയുൾപ്പെടെയുള്ള പ്രസക്തമായ വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



