കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസെന്ന സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പരാമര്‍ശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സഹകരണ മേഖലയുടെ മുഖത്ത് ഒരു കറുത്തപാടും ഉണ്ടായിട്ടില്ല. കരുവന്നൂരില്‍ ചില തെറ്റായ പ്രവണതകളുണ്ടായിട്ടുണ്ട്. അതെല്ലാം പരിഹരിച്ചു. പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

‘ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, അവിടെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് തെറ്റായ പ്രവണതയാണ്. ആ തെറ്റായ പ്രവണതകളെ മാറ്റി ശരിയായ ദിശയിലേക്ക് കാര്യങ്ങളെ നയിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അത് എവിടെയായാലും അതേ നിലപാടു തന്നെയാണ്. ഈ നിലപാടില്‍നിന്ന് ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. അത്രേയുള്ളൂ.’  ഗോവിന്ദന്‍ പറഞ്ഞു. സഹകരണ മേഖലയുടെ മുഖത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ നിങ്ങളേപ്പോലുള്ള ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂരെന്നും അടിക്കാനുള്ള വടി നമ്മള്‍ തന്നെ ചെത്തിക്കൊടുക്കരുതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. പട്ടുവം സര്‍വീസ് സഹകരണ ബാങ്ക് കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന നൂതന പദ്ധതികളും സ്‌നേഹ സ്പര്‍ശം ക്ഷേമപദ്ധതിയും ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പരാമര്‍ശം.