നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വീണ്ടും ആവശ്യം. ബിഹാര്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറും ജനതാദള്‍ യുണൈറ്റഡിന്റെ (ജെഡിയു) മുതിര്‍ന്ന നേതാവുമായ മഹേശ്വര്‍ ഹസാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു പ്രധാനമന്ത്രിക്ക് വേണ്ട എല്ലാ ഗുണങ്ങളും മുഖ്യമന്ത്രി നിതീഷ് കുമാറിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പ്രധാനമന്ത്രി പദത്തിന് അദ്ദേഹത്തേക്കാള്‍ യോഗ്യതയുള്ള മറ്റാരും ഇന്ത്യയില്‍ ഇല്ലെന്നും ഹസാരി പറഞ്ഞു.

‘ഇന്ത്യന്‍ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമ്പോഴെല്ലാം അത് നിതീഷ് കുമാറിന്റെ പേര് മാത്രമായിരിക്കും മുന്നില്‍ വരുന്നത്. ഈ രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവാണ് നിതീഷ് കുമാര്‍. രാം മനോഹര്‍ ലോഹ്യയ്ക്കും ജെപിക്കും ശേഷം നിതീഷ് കുമാറാണ് ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവെന്ന് പ്രധാനമന്ത്രി മോദി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഹസാരി പറഞ്ഞു.

‘നിതീഷ് കുമാര്‍ 5 തവണ കേന്ദ്ര സര്‍ക്കാരില്‍ മന്ത്രിയായിട്ടുണ്ട്. 18 വര്‍ഷം ബിഹാര്‍ മുഖ്യമന്ത്രിയായി.അദ്ദേഹത്തേക്കാള്‍ യോഗ്യനായി മറ്റാരുമില്ല. നിതീഷ് കുമാര്‍ മുഴുവന്‍ പ്രതിപക്ഷത്തെയും ഒന്നിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്ത്യ സഖ്യം പ്രഖ്യാപിക്കും’, ഹസാരി കൂട്ടിച്ചേര്‍ത്തു. ജെഡിയുവിന്റെ സെല്‍ പ്രസിഡന്റുമാരും മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ജെഡിയു നേതാക്കള്‍ നേരത്തെയും സമാന ആവശ്യം ഉന്നയിച്ചിരുന്നു. നിതീഷ് കുമാര്‍ രാജ്യത്തെ നയിക്കുന്നത് കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ജെഡിയു പ്രസിഡന്റ് ലാലന്‍ സിംഗ് പറഞ്ഞത്. അതേസമയം, രാജ്യത്തെ നയിക്കാനുള്ള കഴിവ് നിതീഷ് കുമാറിനുണ്ടെന്ന് ജെഡിയു സര്‍ക്കാരിലെ മന്ത്രി ലേസി സിംഗും പറഞ്ഞിരുന്നു.നിതീഷിനെ പ്രധാനമന്ത്രിയായി കാണാനാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബിഹാര്‍ മന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ ജമാ ഖാനും വ്യക്തമാക്കിയിരുന്നു.