ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങൾ പിന്നിട്ടിട്ടും ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും. പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ അശ്രാന്ത പരിശ്രമത്തിലാണ്.
വിക്രം ലാൻഡറുമായും പ്രഗ്യാൻ റോവറുമായും ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരും’ ഇസ്രോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചു.
ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഇപ്പോൾ ‘ശിവ് ശക്തി പോയിന്റിലാണുള്ളത്. ചന്ദ്രോപരിതലത്തിലെ അതിശൈത്യം കാരണം പേടകം സ്ലീപ്പ് മോഡിലേക്ക് പ്രവേശിച്ചിരുന്നു.
സെപ്തംബർ 22 ന് വൈകുന്നേരം രണ്ട് ബഹിരാകാശ പേടകങ്ങളും വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഇസ്രോ പദ്ധതിയിട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ശ്രമം സെപ്റ്റംബർ 23ലേക്ക് മാറ്റി. താപനില ഉയരുന്നതോടെ റോവറിലെയും ലാൻഡറിലെയും ഉപകരണങ്ങൾ ചൂടുപിടിക്കും. ചിലപ്പോൾ 14ാം ദിനത്തിൽ വരെ ഉണരാനുള്ള സാധ്യതയുണ്ട്.
ചന്ദ്രനിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. വിക്രം ലാൻഡറിന്റെ വിജയകരമായ ലാൻഡിംഗിനെ തുടർന്നാണ് പ്രഗ്യാൻ റോവർ ചന്ദ്രനിലേക്ക് ഇറങ്ങിയത്. ഇത് ചന്ദ്രനിൽ ഇരുമ്പ്, സൾഫർ, ഓക്സിജൻ മറ്റ് മൂലകങ്ങൾ തുടങ്ങിയവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 23-നാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങുന്നത്. ഇതോടെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയായിരുന്നു. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. 2023 ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നാണ് ഇന്ത്യ ചന്ദ്രയാൻ-3 വിക്ഷേപിച്ചത്.



