ഷാംലി: ഉത്തര്‍പ്രദേശില്‍ അഞ്ച് തവണ വിവാഹിതനായ ഒരാള്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതായി പരാതി. പെണ്‍കുട്ടിയുടെ മതംമാറ്റിയ ശേഷമായിരുന്നു വിവാഹം. ഷാംലി ജില്ലയിലെ റഷീദിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. നിങ്ങളുടെ മറ്റൊരു മകളെയും ഞാന്‍ കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. പ്രതിയേയും പെണ്‍കുട്ടിയേയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

നാല് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ അമ്മാവന്റെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നാലെ ബന്ധുക്കള്‍ ഇവരെ കാണാതായതായി പരാതി നല്‍കി. പോലീസില്‍ പരാതി നല്‍കിയാല്‍ മറ്റൊരു മകളെയും തട്ടിക്കൊണ്ടുപോകുമെന്ന പ്രതിയുടെ ഭീഷണി അവഗണിച്ചായിരുന്നു ബന്ധുക്കളുടെ നീക്കം. റാഷിദ് നേരത്തെ അഞ്ച് തവണ വിവാഹിതനായിട്ടുണ്ട്. ഇയാളുടെ ഭാര്യമാരില്‍ ഒരാള്‍ മുസ്ലീമാണ്, മറ്റ് നാല് പേര്‍ ഹിന്ദുക്കളാണെന്നാണ് വിവരം. 

24 മണിക്കൂറിനുള്ളില്‍ യുവതിയെ തിരിച്ചെത്തിക്കണമെന്നും അല്ലാത്തപക്ഷം ജൂണ്‍ 22ന് ഷാംലിയിലെ ആദമാപൂര്‍ ഗ്രാമത്തില്‍ ഹിന്ദു സംഘടനകളുടെ മഹാസമ്മേളനം സംഘടിപ്പിക്കുമെന്നും ഷംലിയുടെ ബഘറ ആശ്രമത്തിലെ പ്രഭാഷകനായ യഷ്വീര്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. സിംഗും ബജ്റംഗ്ദള്‍ അംഗങ്ങളും വെള്ളിയാഴ്ച വൈകുന്നേരം ബാബറി പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. മുസ്ലീം യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹം കഴിച്ചുവെന്നതിനാല്‍ ലവ് ജിഹാദ് നടന്നെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം.