മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഫണ്ട് ക്രമക്കേടുകൾക്കും അഴിമതിക്കെതിരെ മെഗാ മാർച്ച് പ്രഖ്യാപിച്ച് ശിവസേന (യുബിടി).  ജൂലൈ ഒന്നിന് കോർപ്പറേഷൻ ആസ്ഥാനത്തേക്ക് മെഗാ മാർച്ച്  നടത്തുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. തന്റെ മകനും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

“ഞാൻ മുംബൈയിലെ ബിഎംസിയിൽ നിന്നുള്ള കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി. ബിഎംസിയുടെ കാലാവധി അവസാനിച്ചിട്ട് ഒരു വർഷത്തിലേറെയായി. തിരഞ്ഞെടുപ്പ് നടത്താൻ സർക്കാരിന് ധൈര്യമില്ല,” ഉദ്ധവ് താക്കറെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിഎംസിയുടെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള 8,000-9,000 കോടി രൂപയുടെ ഫണ്ട് തെറ്റായ രീതിയിൽ ചെലവഴിച്ചതായും അദ്ദേഹം ആരോപിച്ചു. 

ശിവസേന (യുബിടി), എൻസിപി അംഗങ്ങൾ ജൂൺ 20 രാജ്യദ്രോഹി ദിനമായി ആചരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശിവസേനയെ പിളർപ്പിലേക്ക് നയിച്ച കലാപക്കൊടി ഉയർത്തിയത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ജന്മനാടായ നാഗ്പൂരിൽ നിരവധി എൻസിപി പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി.