പനാജി: ഗോവയിലെ റോഡരികിൽ സ്ഥാപിച്ച ഛത്രപതി ശിവജിയുടെ പ്രതിമ നീക്കം ചെയ്യാനുള്ള കലൻഗുട്ട് പഞ്ചായത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. ഉത്തരവ് പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പഞ്ചായത്ത് ഓഫീസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
കാവിക്കൊടിയുമായി പ്രതിഷേധം നടത്തിയ ജനക്കൂട്ടം രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഉത്തരവ് പിൻവലിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. വൈദ്യുത തൂൺ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുനൽകേണ്ടതിനാൽ റോഡരികിൽ സ്ഥാപിപ്പിച്ചിരിക്കുന്ന ശിവജിയുടെ പ്രതിമ നീക്കണം ചെയ്യണമെന്ന് പഞ്ചായത്ത് പ്രാദേശിക സംഘടനയോട് ആവശ്യപ്പെടുകയായിരുന്നു.
“കലങ്കുട്ട് പഞ്ചായത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധിക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. മതവിശ്വാസങ്ങൾക്കതീതമായി എല്ലാവർക്കും പ്രചോദനമാണ് ശിവാജി മഹാരാജ്,” ഒരു പ്രതിഷേധക്കാരൻ പറഞ്ഞു. പഞ്ചായത്ത് അടിയന്തരമായി ഈ ഉത്തരവ് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
ഇതേക്കുറിച്ച് പ്രതികരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല.



