ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ചെറിയ അന്തര്‍വാഹിനി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായി. ജീവനക്കാരുമായാണ് അന്തര്‍വാഹിനി കാണാതായതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കടലില്‍ എവിടെയാണ് മുങ്ങിക്കപ്പല്‍ കാണാതായതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഒരേസമയം അഞ്ച് പേരെ വരെ വഹിക്കാന്‍ കഴിയുന്ന മുങ്ങിക്കപ്പലാണിത്. ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിലേക്ക് എത്താന്‍ ഏകദേശം എട്ട് മണിക്കൂര്‍ സഞ്ചരിക്കേണ്ടതായി വരും. മുങ്ങിക്കപ്പല്‍ കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച്ചയാണ് അഞ്ച് പേരുമായി പോയ അന്തര്‍വാഹിനി വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായത്. ഒരു പൈലറ്റും നാല് മിഷന്‍ സ്‌പെഷ്യലിസ്റ്റുകളുമാണ് സംഘത്തില്‍ ഉള്‍പ്പെടുന്നതെന്നാണ് വിവരം
70 മുതല്‍ 96 മണിക്കൂര്‍ വരെ നിലനില്‍ക്കാനുളള ഓക്സിജന്‍ മാത്രമേ മുങ്ങിക്കപ്പലില്‍ ഉള്ളൂ എന്നതിനാല്‍ അതീവ വേഗത്തിലും ജാഗ്രതയിലുമാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 21 അടി ഉയരമുള്ള കപ്പലിന് നാല് ദിവസത്തേക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ശേഷിയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് പറഞ്ഞിരുന്നു.
യുഎസിലെയും കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡുകളുടെയും സംഘം കേപ് കോഡിന് 900 മൈല്‍ കിഴക്ക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ തിരച്ചില്‍ തുടരുകയാണ്. സോണാര്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ചുപേരില്‍ ഒരു ബ്രിട്ടീഷ് കോടീശ്വരനും ഉള്‍പ്പെടുന്നതായാണ് വിവരം. സംരംഭകനും നിക്ഷേപകനുമായ ഹാമിഷ് ഹാര്‍ഡിംഗിനെയും മറ്റ് നാല് പേരെയുമാണ് കാണാതായിരിക്കുന്നത്. എത്രയും പെട്ടന്ന് തന്നെ അന്തര്‍വാഹിനി കണ്ടെത്തി യാത്രക്കാരെ രക്ഷിക്കാനുളള ഊര്‍ജിത ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.



