തിരുവനന്തപുരം: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖർ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ സുധിയെ അനുസ്മരിച്ചു. ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുൻ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ന് രാവിലെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുധിക്ക് ജീവൻ നഷ്ടമായത്.

കൊല്ലം സുധിയെ അനുസ്മരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച കലാകാരനാണ് സുധിയെന്നാണ് പറഞ്ഞത്. സുധിയുടെ അകാലത്തിലുള്ള വേർപാട് കലാരംഗത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ. സ്റ്റേജ് ഷോകളിൽ അപാരമായ ഊർജത്തോടെ പങ്കെടുക്കുന്ന പ്രതിഭാശാലിയായിരുന്നു കൊല്ലം സുധി.’ വിഡി സതീശൻ പറഞ്ഞു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നെന്നും അദ്ദേഹം കുറിച്ചു.

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി തൃശൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട വാർത്ത അത്യധികം വേദനാജനകമാണെന്നാണ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധിക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി സിനിമകളിലൂടെയും നമ്മെ ചിരിപ്പിച്ചു. ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അപ്രതീക്ഷിതവിയോഗം താങ്ങാൻ കുടുംബത്തിന് ശക്തിയുണ്ടാകട്ടെയെന്നും മന്ത്രി പറഞ്ഞു