കണ്ണൂർ: എടയന്നൂരിൽ കുളത്തിൽ അപകടത്തിൽപ്പെട്ട് മകൻ മരിച്ചതിനു പിന്നാലെ അച്ഛനും മരിച്ചു. പാപ്പിനിശേരി അരോളിയിലെ പൂവൻകുളത്ത് പോള രാജേഷ് (48) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. രാജേഷും മകൻ രംഗീത് രാജും (14) ഇന്നലെ വൈകുന്നേരത്തോടെ എടയന്നൂർ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രക്കുളത്തിൽ കുളിക്കവെയാണ് അപകടം സംഭവിച്ചത്.

കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി എടയന്നൂർ പടിയിൽ തങ്ങുന്ന ഇളനീർ സംഘത്തിലുള്ളവരായിരുന്നു ഇരുവരും. ഒരാഴ്ച മുൻപാണ് വൈശാഖ ഉത്സവത്തിൽ പങ്കെടുക്കുന്നതിന് വീട്ടിൽനിന്നു പുറപ്പെട്ടത്. കൊട്ടിയൂരിലേക്ക് ഇളനീരുമായി പോകുന്ന 51 അംഗ സംഘമാണ് ക്ഷേത്രത്തിൽ തങ്ങിയിരുന്നത്. കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു.

അപകടം നടക്കുന്ന സമയം ഇളനീർ ശേഖരിക്കുന്നതിന് വേണ്ടി സംഘത്തിലുള്ളവർ പുറത്തുപോയിരുന്നു. തിരിച്ചു വന്നപ്പോൾ കുളക്കരയിൽ രുദ്രാക്ഷ മാലയും വസ്ത്രങ്ങളും കണ്ടു പരിശോധിച്ചപ്പോഴാണ് അപകടം മനസിലായത്. ഉടൻ ഇരുവരെയും രക്ഷിച്ച് കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കീച്ചേരി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച രംഗീത്. ഭാര്യ: ഗീത