കോടീശ്വരന് മുകേഷ് അംബാനിയുടെ തെക്കന്‍ മുംബൈയിലെ വസതിയായ ആന്റിലിയയിലെ ബോംബ് ഭീഷണിക്കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം. മുംബൈ പോലീസിലെ മുന്‍ ഉദ്യോഗസ്ഥനും ഏറ്റുമുട്ടല്‍ സ്പെഷ്യലിസ്റ്റുമായ പ്രദീപ് ശര്‍മ്മയ്ക്കാണ് സുപ്രീം കോടതി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഓരോ ദിവസം ചെല്ലുന്തോറും ഭാര്യയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ശര്‍മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് കോടതി തീരുമാനം.
ആന്റിലിയയ്ക്ക് പുറത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച എസ്യുവി പാര്‍ക്ക് ചെയ്തതിനും താനെ ആസ്ഥാനമായുള്ള കാര്‍ ആക്സസറീസ് കട ഉടമ മന്‍സുഖ് ഹിരാന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുമാണ് വിരമിച്ച സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രദീപ് ശര്‍മ്മയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2021 ജൂണിലായിരുന്നു അറസ്റ്റ്. കേസിലെ മറ്റ് പ്രതികളുടെ മൊഴികളില്‍ പ്രദീപ് ശര്‍മയുടെ പേര് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സാങ്കേതിക തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
എന്നാല്‍ കേസില്‍ തന്റെ നിരപരാധിത്വം വാദിച്ച ശര്‍മ്മ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും താന്‍ ‘പോലീസ് മത്സരത്തിന്റെ ഇര’ ആണെന്നും മുമ്പ് കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ അദ്ദേഹത്തിന്റെ ഒന്നിലധികം ജാമ്യാപേക്ഷകള്‍ ബോംബെ ഹൈക്കോടതി തള്ളി. ഏറ്റുമുട്ടല്‍ സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന പ്രദീപ് ശര്‍മ്മ രണ്ട് കേസുകളുടെയും മുഖ്യ സൂത്രധാരനായി എന്‍ഐഎ അറസ്റ്റ് ചെയ്ത മുന്‍ മുംബൈ പോലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസുമായി അടുപ്പമുള്ളയാളാണെന്നാണ് വിവരം. 1983 ല്‍ മുംബൈ പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ചേര്‍ന്ന പ്രദീപ് ശര്‍മ്മ മുംബൈ അധോലോകവുമായി ബന്ധപ്പെട്ട് 300-ലധികം ഏറ്റുമുട്ടലുകളില്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ 113 ഷൂട്ടൗട്ടുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്



