ന്യൂയോര്‍ക്ക്: വരനെ പോലെ അണിഞ്ഞൊരുങ്ങിയ ടെസ്ല സിഇഒ എലോൺ മസ്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചന്ദന നിറത്തിലുള്ള ഷെർവാണിയും ചുവന്ന ഷാളും ധരിച്ച് ചിരിച്ചു നിൽക്കുന്ന മസ്കിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. പരാമ്പരാഗത ഇന്ത്യൻ വസ്ത്രമാണിത്.
മസ്ക് ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ രാജ്യത്ത് എത്തിയപ്പോൾ എടുത്ത ചിത്രമാണോ ഇതെന്ന സംശയം വേണ്ട.ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഇതിന് പിന്നിൽ. എഐയുടെ സൃഷ്ടി മസ്കിന് ഏറെ ഇഷ്ടപ്പെട്ടു. DogeDesigner എന്ന ഉപയോക്താവാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വിവാഹചടങ്ങുകൾക്കാണ് കൂടുതലായും ഷെർവാണി ധരിക്കുന്നത്.
ചിത്രം ഇഷ്ടപ്പെട്ടു എന്ന ക്യാപ്ഷനോടെയാണ് മസ്ക് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വസ്ത്രധാരണത്തില്‍ മസ്ക് ഗംഭീരമാണ് എന്ന അഭിപ്രായം നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ഭക്ഷണരീതിയോടും ആഘോഷങ്ങളോടും മസ്കിന് താൽപര്യമുണ്ടെന്ന തരത്തിലുള്ള കമന്റുകളും നിറയുന്നുണ്ട്.
ഭാവിയിൽ മസ്ക് ഇന്ത്യയിൽ ടെസ്ല പ്ലാന്റുകൾ തുറന്നേക്കുമെന്നാണ് സൂചന. വാൾസ്ട്രീറ്റ് ജേണലുമായുള്ള ഒരു സംഭാഷണത്തിൽ, ഒരു പുതിയ ടെസ്ല ലൊക്കേഷനായി ഇന്ത്യ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഉയരുന്ന ഇലക്ട്രിക് വാഹന വിപണിയിലെ അവസരങ്ങളെ കുറിച്ച് പഠിക്കുന്നതിനും ചൈനയ്ക്ക് പുറത്തുള്ള ടെസ്ലയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമായി ഒരു കൂട്ടം മുതിർന്ന ടെസ്ല എക്സിക്യൂട്ടീവുകൾ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.



