കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവെച്ച സംഭവത്തില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചയാണ് സൂചന. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് വിവരം.

ബംഗാള്‍ സ്വദേശി പുഷന്‍ജിതാണ് പ്രതി. ഇയാള്‍ ഏറെ നാളായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോച്ചിനു തീയിട്ടെന്നാണ് മൊഴി. സ്റ്റേഷനു തൊട്ടടുത്തുള്ള ബിപിസിഎല്‍ സംഭരണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചുവിട്ടിരുന്നു. ഇതും അക്രമത്തിന് പ്രകോപനമായി.

കസ്റ്റഡിയിലുള്ള പുഷന്‍ജിത് തീവെപ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎല്‍ സുരക്ഷ ജീവനക്കാരനും മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പ്രദേശത്തെ കൂടുതല്‍ സിസിടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ട്രെയിനിലെ സീറ്റ് കുത്തിക്കീറിയ ശേഷം തീയിട്ടു എന്നാണ് ഇയാള്‍ പറയുന്നത്. ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലും ലഭിച്ച വിവരം.

വ്യാഴാഴ്‌ച്ചെ പുലര്‍ച്ചെ 1.25ന് റെയില്‍വേ ജീവനക്കാരനാണു ട്രെയിനില്‍ തീ കണ്ടത്. 1.35 ന് അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂര്‍ കൊണ്ട് തീ പൂര്‍ണമായും അണയ്ക്കുകയായിരുന്നു. 
രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസിനു തീയിടുന്നത്. ഏപ്രില്‍ രണ്ടിനു രാത്രി ഓടിക്കൊണ്ടിരുന്ന ടെയിനില്‍ എലത്തൂരില്‍ വെച്ച് എസ്പ്രസിന്റെ 2 കോച്ചുകളില്‍ അക്രമി തീയിട്ടിരുന്നു. ഇതില്‍ 3 പേര്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും തീവെപ്പുണ്ടായിരിക്കുന്നത്.