ആം ആദ്‌മി പാർട്ടി നേതാവ് മനീഷ് സിസോദിയയ്ക്ക് ഡൽഹി എക്സൈസ് നയ കേസിൽ ഇടക്കാല ആശ്വാസം. അസുഖബാധിതയായ ഭാര്യയ്‌ക്കൊപ്പം ജൂൺ 3 രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ചിലവഴിക്കാൻ അനുവാദം ലഭിച്ചു. സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിച്ച ഡൽഹി ഹൈക്കോടതി നാളെ ഭാര്യയുടെ മെഡിക്കൽ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. 

തലച്ചോറിനെയും കേന്ദ്ര നാഡീവ്യൂഹത്തെയും തളർത്താൻ സാധ്യതയുള്ള മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്ന രോഗമാണ് സിസോദിയയുടെ ഭാര്യയ്ക്ക്. അതേസമയം, കേസിൽ അറസ്‌റ്റിലായതിനെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയ സിസോദിയക്ക് കുടുംബാംഗങ്ങൾ ഒഴികെ ആരെയും കാണാൻ കഴിയില്ല. ഇന്റർനെറ്റ് ഉപയോഗിക്കാനോ മാധ്യമങ്ങളുമായി സംവദിക്കാനോ അദ്ദേഹത്തെ അനുവദിക്കുകയുമില്ല.

ഭാര്യയുടെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനീഷ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയാൻ മാറ്റി. ആരോപണങ്ങൾ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ദിവസം മുമ്പ് ഡൽഹി ഹൈക്കോടതി സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഡൽഹി മദ്യനയ കേസിൽ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാർച്ച് 9ന് ഇതേ കേസിൽ മനീഷ് സിസോദിയയെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു.

ഡൽഹി സർക്കാർ 2021 നവംബർ 17ന് പുതിയ മദ്യനയം നടപ്പാക്കിയെങ്കിലും അഴിമതി ആരോപണങ്ങൾക്കിടയിൽ 2022 സെപ്റ്റംബർ അവസാനം അത് റദ്ദാക്കി. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിൽ മുതിർന്ന എഎപി നേതാവിനെതിരെ സിബിഐയും ഇഡിയും അന്വേഷിക്കുന്നുണ്ട്.