റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഗുസ്തിക്കാരുടെ ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തു. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഡബ്ല്യുഎഫ്ഐ മേധാവി ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നു. കൂടാതെ, ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ 10 പീഡന പരാതികളോളം രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം. 

ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരെയുള്ള പരാതികളില്‍ ഗുസ്തി താരങ്ങളെ അനുചിതമായി സ്പര്‍ശിച്ചെന്നും പെണ്‍കുട്ടികളുടെ നെഞ്ചില്‍ കൈ വയ്ക്കുകയും നെഞ്ചില്‍ നിന്ന് പിന്നിലേക്ക് കൈ ചലിപ്പിക്കുകയും പിന്തുടരുകയും ചെയ്തതായി പരാമര്‍ശമുണ്ട്. ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരായ പരാതികള്‍ ഏപ്രില്‍ 21ന് ലഭിച്ചെന്നും രണ്ട് എഫ്ഐആറുകള്‍ ഏപ്രില്‍ 28 ന് രജിസ്റ്റര്‍ ചെയ്‌തെന്നും പോലീസ് പറഞ്ഞു. മൂന്നുവര്‍ഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന 354, 354(എ), 354(ഡി), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആദ്യത്തെ എഫ്ഐആറില്‍ ആറ് ഒളിമ്പ്യന്‍മാരുടെ ആരോപണങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ രണ്ടാമത്തേതില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. ചിത്രമെടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷണ്‍ സിംഗ് തന്നെ മുറുകെ പിടിക്കുകയായിരുന്നുവെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ തോളില്‍ കൈ അമര്‍ത്തി മനഃപ്പൂര്‍വ്വം അനുചിതമായി സ്പര്‍ശിച്ചു. തന്നെ പിന്തുടരരുതെന്ന് ഡബ്ല്യുഎഫ്ഐ മേധാവിയോട് താന്‍ വ്യക്തമായി ആവശ്യപ്പെട്ടിരുന്നതായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.