ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ഗുസ്തി ഫെഡറേഷന് മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് നടത്താനിരുന്ന റാലിക്ക് അനുമതിയില്ല. ജൂണ്‍ 5 ന് അയോധ്യയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പൊതുബോധവല്‍ക്കരണ റാലിയില്‍ 11 ലക്ഷം പേരെ അണിനിരത്തുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. പരിസ്ഥിതി ദിനത്തില്‍ അയോധ്യയിലെ രാംകഥ പാര്‍ക്കിലാണ് റാലി സംഘടിപ്പിക്കാനിരുന്നത്. അയോധ്യയിലെ സന്യാസി സമൂഹവും ഈ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെന്നാണ് വിവരം.
താന്‍ 28 വര്‍ഷമായി ലോക്സഭാംഗമായി സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് ബ്രിജ് ഭൂഷണ് വെള്ളിയാഴ്ച തന്റെ അനുയായികള്‍ക്കായി പുറത്തിറക്കിയ സന്ദേശത്തില്‍ പറഞ്ഞു. ‘അധികാരത്തിലും പ്രതിപക്ഷത്തിരിക്കുമ്പോഴും എല്ലാ ജാതിയിലും സമുദായത്തിലും മതത്തിലും പെട്ട ആളുകളെ ഒന്നിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.ഇക്കാരണങ്ങള്‍ കൊണ്ടാണ് എന്റെ രാഷ്ട്രീയ എതിരാളികളും അവരുടെ പാര്‍ട്ടികളും എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചത്.നിലവിലെ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ റാലികള്‍ നടത്തി പ്രവിശ്യാവാദവും പ്രാദേശികവാദവും വംശീയ സംഘര്‍ഷവും വളര്‍ത്തി സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. സമൂഹത്തിലാകെ പടരുന്ന തിന്മകള് ചര്‍ച്ച ചെയ്യപ്പെടുന്നതിന് വേണ്ടിയാണ് ജൂണ്‍ അഞ്ചിന് അയോധ്യയില്‍ സന്യാസിമാരുടെ സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്’, ബ്രിജ് ഭൂഷണ് പറഞ്ഞു.
ഇപ്പോള്‍ തനിക്കെതിരായ ആരോപണങ്ങള്‍ പോലീസ് അന്വേഷിക്കുകയും സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ മാനിക്കുകയും ചെയ്യുന്നതിനാല്‍ ‘ജന്‍ ചേത്ന മഹാറാലി’ അയോധ്യ ചലോ പരിപാടി കുറച്ച് ദിവസത്തേക്ക് മാറ്റിവെക്കുകയാണ്.എല്ലാ മതങ്ങളിലും ജാതികളിലും പ്രദേശങ്ങളിലും നിന്നുള്ള ലക്ഷക്കണക്കിന് പേര് ഈ വിഷയത്തില്‍ എന്നെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



